ദുബയ് പോലിസ് കണ്‍ട്രോള്‍ സെന്റര്‍ നിയന്ത്രിക്കാന്‍ ഇനി വനിതകളും

Update: 2022-09-22 06:33 GMT

ദുബയ്: ദുബയ് പോലീസിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍ നിയന്ത്രിക്കാന്‍ വനിതകളെയും നിയോഗിച്ചു. ആറ് മാസത്തെ സംയോജിത പരിശീലനം പൂര്‍ത്തിയാക്കിയ നാല് വനിതാ സേനാംഗങ്ങള്‍ ചുമതലയേറ്റെടുത്തു. ആദ്യമായാണ് കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്ററില്‍ വനിതകളെ നിയമിക്കുന്നത്. ലഫ്റ്റനന്റ് മിറ മുഹമ്മദ് മദനി, ലഫ്റ്റനന്റ് സമര്‍ അബ്ദുല്‍ അസീസ് ജഷൂഹ്, ലഫ്റ്റനന്റ് ഖൂലൂദ് അഹ്മദ് അല്‍ അബ്ദുല്ല, ലഫ്റ്റനന്റ് ബാഖിത ഖലീഫ അല്‍ ഗാഫ്‌ലി എന്നിവരെയാണ് ആദ്യബാച്ചില്‍ നിയമിച്ചത്. ഇവരുടെ കഴിവ് പരീക്ഷിച്ചറിഞ്ഞ ശേഷമാണ് നിയമനം.

24 സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളും പ്രാക്ടിക്കല്‍ പരിശീലനവും പൂര്‍ത്തീകരിച്ചാണ് വനിതകള്‍ ചുമതലയേറ്റത്. ആശയവിനിമയങ്ങള്‍ സ്വീകരിക്കുന്നതിനുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ഡിവിഷന്‍ ഉള്‍പ്പെടെയുള്ള വിഭാഗത്തില്‍ പ്രത്യേക പരിശീലനവും ഇവര്‍ക്ക് ലഭിച്ചു. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രചോദനം നല്‍കുക എന്നതാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

മുന്‍കാലങ്ങളില്‍ പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന ജോലികള്‍ സ്ത്രീകളും ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന് പോലിസ് ജനറല്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ.മുഹമ്മദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു. കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ ചേര്‍ന്നതിന് നാല് വനിതാ ഓഫിസര്‍മാര്‍ നന്ദി അറിയിച്ചു. യുവാക്കള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പ്രചോദനം നല്‍കുന്ന അന്തരീക്ഷം ദുബയ് പോലിസ് സൃഷ്ടിച്ചിട്ടുണ്ട്- ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Tags: