ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജൂലൈ 21 വരെ യുഎഇയിൽ വിലക്ക്

കൊവിഡ് രണ്ടാം തരം​ഗം മാരകമായതിനെ തുടർന്നാണ് ഏപ്രിൽ 24 മുതൽ യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവച്ചത്

Update: 2021-07-12 10:28 GMT

ദുബയ്: ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള ഇൻ‌ബൗണ്ട് പാസഞ്ചർ സർവീസുകൾ ജുലൈ 21 വരെ നീട്ടിയതായി ദുബയ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

യുഎഇ സർക്കാർ നിർദേശപ്രകാരം 2021 ജൂലൈ 21 വരെ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ദുബയിലേക്കുള്ള യാത്രകൾ എമിറേറ്റ്സ് നിർത്തിവയ്ക്കും. കൂടാതെ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക വഴി കണക്റ്റു ചെയ്തുവരുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്ക് മറ്റേതൊരു സ്ഥലത്തു നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ലെന്നും എയർലൈൻ അറിയിച്ചു.

യുഎഇ പൗരന്മാർ, യു‌എഇ ഗോൾഡൻ വിസ കൈവശമുള്ളവർ, അപ്‌ഡേറ്റ് ചെയ്ത കൊവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് രണ്ടാം തരം​ഗം മാരകമായതിനെ തുടർന്നാണ് ഏപ്രിൽ 24 മുതൽ യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവച്ചത്. സമാനമായ നീക്കത്തിലൂടെ മെയ് 13 ന് പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും പ്രവേശനം നിർത്തിവച്ചിരുന്നു.