പ്രവാസികള്‍ക്ക് ആശ്വാസം; ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാ ഇളവുമായി യുഎഇ

ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്.

Update: 2021-08-03 11:07 GMT

അബുദബി: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചെത്താന്‍ യുഎഇയുടെ അനുമതി. സാധുവായ യുഎഇ റസിഡന്‍സി പെര്‍മിറ്റുകള്‍ കൈവശമുള്ളവരും രണ്ട് ഡോസ് അംഗീകൃത വാക്‌സിന്‍ എടുത്തിട്ടുള്ളതുമായ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇ യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയത്.

ഇവര്‍ക്ക് ഈ മാസം അഞ്ചു മുതല്‍ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.

Tags:    

Similar News