യുഎഇ ഐക്യരാഷ്ട്ര സുരക്ഷാ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

Update: 2021-06-11 18:51 GMT

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം(ഫയല്‍ ചിത്രം)




ദുബയ്: 2022-2023 കാലയളവിലെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലേക്ക് അഞ്ച് അംഗങ്ങളില്‍ ഒരു രാജ്യമായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎഇയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് യുഇഎ സുരക്ഷാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തിന്റെ നയതന്ത്രം, അന്താരാഷ്ട്ര സ്ഥാനം, വിശിഷ്ട വികസന മാതൃക എന്നിവയുടെ സജീവമായ പ്രതിഫലനമാണിതെന്നു പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള ഇമാറാത്തി നയതന്ത്ര സംഘത്തിന് അദ്ദേഹം നന്ദി അറിയിച്ചു. യുഎന്‍ സുരക്ഷാ സമിതിയില്‍ സജീവവും ക്രിയാത്മകവും സജീവവുമായ അംഗത്വം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    'ഇന്ന് യുഎന്‍ 2022-2023 ലെ സുരക്ഷാ കൗണ്‍സിലിലേക്ക് അഞ്ച് അംഗങ്ങളില്‍ ഒന്നായി യുഎഇയെ തിരഞ്ഞെടുത്തു. 1971ല്‍ യുഎഇ സ്ഥാപിതമായതുമുതല്‍ നയിച്ച ആഗോള ഇടപെടലിന്റെയും സഹകരണത്തിന്റെയും അതേ മനോഭാവം ഞങ്ങളുടെ സമര്‍പ്പിത നയതന്ത്രജ്ഞരുടെ സംഘം പിന്തുടരുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നതായി അബൂദബി കിരീടാവകാശിയും യുഎഇ സുരക്ഷാ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ പറഞ്ഞു. ചലനാത്മകവും വികസിക്കുന്നതുമായ ഒരു രാജ്യമെന്ന നിലയില്‍ യുഎന്‍ സുരക്ഷാ സമിതിക്കും മുഴുവന്‍ ലോക സംവിധാനത്തിനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ അംബാസഡറും ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധിയുമായ ലാന നുസ്സിബെ പറഞ്ഞു. സുരക്ഷാ കൗണ്‍സിലിലെ പുതിയ സ്ഥിരമല്ലാത്ത അഞ്ച് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുന്നതിനിടെയാണ് അഭിപ്രായം പങ്കുവച്ചത്.

    1986-1987 ല്‍ യുഎഇ ആദ്യമായി കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ചതിനേക്കാള്‍ വളരെ വ്യത്യസ്തമാണ് ഇന്നത്തെ ലോകം. എന്നിരുന്നാലും, അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നില്‍ക്കുമ്പോള്‍ സമാധാനവും സുരക്ഷയും ഏറ്റവും മികച്ചതാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാലാണ് ഞങ്ങളുടെ കാംപയ്ന്‍ 'സ്‌ട്രോങര്‍ യുനൈറ്റഡ്' എന്ന തീം പ്രകാരം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

UAE elected to United Nations Security Council for 2022-23


Tags: