കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ദുബയില്‍ വിലക്ക്

Update: 2021-08-19 12:01 GMT

ദുബയ്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയില്‍നിന്ന് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍വേസ് വിമാനങ്ങള്‍ക്ക് ദുബയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്താതെ യാത്രക്കാരെ എത്തിച്ചതിന്റെ പേരിലാണ് യുഎഇയുടെ വിലക്ക്. ആഗസ്ത് 24 വരെ ഒരാഴ്ചത്തേക്കാണ് വിലക്കുള്ളത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും മാത്രമേ ദുബയില്‍ പ്രവേശിക്കാന്‍ കഴിയൂ. കൂടാതെ വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റിനും വിധേയമാവണം.

നേരത്തെ യുഎഇയില്‍നിന്നുതന്നെ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്നായിരുന്നു നിബന്ധന. എന്നാല്‍, പിന്നീട് ഇതില്‍ ഇളവ് വരുത്തുകയായിരുന്നു. എന്നാല്‍, ആര്‍ടിപിസിആര്‍ ഫലമില്ലാതെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ ദുബയിലേക്ക് കൊണ്ടുവന്നതിന്റെ പേരിലാണ് യുഎഇ സര്‍ക്കാരിന്റെ നടപടി. വിലക്ക് കാലയളവില്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് മറ്റ് ദിവസങ്ങളിലേക്ക് ക്രമീകരിക്കുകയോ പണം മടക്കി നല്‍കുകയോ ചെയ്യുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തേയ്ക്കുള്ള യാത്രകള്‍ പ്രതിസന്ധിയിലായിരിക്കെ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത നിരോധനം പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. വിലക്കുള്ള സമയങ്ങളില്‍ ടിക്കറ്റ് ഉടമയ്ക്ക് മറ്റൊരു വിമാന സര്‍വീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇരട്ടിയിലധികം പണം നല്‍കേണ്ട ഗതികേടാണ്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് വരുന്നതിന് അനുമതി നല്‍കിയത്.

Tags:    

Similar News