വായ്പയെടുത്ത് മുങ്ങിയ ഇന്ത്യക്കാര്‍ക്കെതിരേ നിയമനടപടിയുമായി യുഎഇ ബാങ്കുകള്‍

നാലു വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നാട്ടിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. അമ്പതിനായിരം കോടി വരെ കിട്ടാക്കടമായി ബാങ്കുകള്‍ക്കുണ്ട്.

Update: 2020-02-09 01:26 GMT
ദുബയ്: വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിയമ നടപടിയുമായി യുഎഇ ബാങ്കുകള്‍. യുഎഇ കോടതി വിധികള്‍ ഇന്ത്യയിലും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മുന്‍നിര്‍ത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പോലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക.

പിന്നിട്ട നാലു വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നാട്ടിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. 2018, 2019 കാലയളവിലാണ് യുഎഇ ബാങ്കുകള്‍ക്ക് വായ്പയിനത്തില്‍ വലിയ തുക നഷ്ടമായത്. അമ്പതിനായിരം കോടി വരെ കിട്ടാക്കടമായി ബാങ്കുകള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടികള്‍ ആലോചിക്കുന്നത്.

പണം തിരിച്ചു പിടിക്കാന്‍ നാട്ടിലെ ചില ഏജന്‍സികളുമായി ഇടക്കാലത്ത് യുഎഇ ബാങ്കുകള്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ജനുവരി പതിനേഴിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണ് ബാങ്കുകളില്‍ പ്രതീക്ഷ പടര്‍ത്തിയത്. യുഎഇ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു വിജ്ഞാപനം.

പുതിയ വിജ്ഞാപനത്തിന്റെ വെളിച്ചത്തില്‍ യുഎഇ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇന്ത്യയുമായി ആശയവിനിമയം ആരംഭിച്ചുവെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാപനങ്ങളുടെ പേരില്‍ കോടിക്കണക്കിന് ദിര്‍ഹം വായ്പയെടുത്തു രക്ഷപ്പെട്ട ഉടമകളെയാണ് ബാങ്കുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.


Tags: