മകനെ കൊന്ന പാര്‍ട്ടിയിലേക്ക് ഇനി ഞാനില്ല; പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍

പാര്‍ട്ടി അനുഭാവികളുടെ കുടുംബമായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുമുണ്ട്. എന്നാല്‍, മകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതു കൃഷ്ണന്‍ ഒരു ഘട്ടത്തിലും തടഞ്ഞിരുന്നില്ല.

Update: 2019-02-19 04:00 GMT

കാസര്‍കോഡ്: മകനെ കൊന്ന പാര്‍ട്ടിയിലേക്ക് ഇനി ഞാനില്ല. എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല- മകന്റെ മരണവാര്‍ത്തയറിഞ്ഞു കൃഷ്ണന്‍ കരഞ്ഞുകൊണ്ടാണത് പറഞ്ഞത്. സിപിഎം അനുഭാവിയായിരുന്നു പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ പി വി കൃഷ്ണന്‍. പെരിയ ആലക്കോടാണു ഞാന്‍ ജനിച്ചത്. പാര്‍ട്ടി അനുഭാവികളുടെ കുടുംബമായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുമുണ്ട്. എന്നാല്‍, മകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതു കൃഷ്ണന്‍ ഒരു ഘട്ടത്തിലും തടഞ്ഞിരുന്നില്ല. ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നായിരുന്നു കൃഷ്ണന്റെ നിലപാട്.

പെയിന്റ് പണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. സിപിഎമ്മിനു വേണ്ടി ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എല്ലാ തിരഞ്ഞെടുപ്പിനും വോട്ട് ചെയ്യാന്‍ പോകും- കൃഷ്ണന്‍ പറയുന്നു.

പോളിടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവില്‍ ചേരുന്ന കാര്യം മകന്‍ ചോദിച്ചിരുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയം തിരഞ്ഞെടുക്കാമെന്നാണു ഞാന്‍ മറുപടി നല്‍കിയത്. സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസില്‍ പാര്‍ട്ടിക്കാര്‍ നല്‍കിയ പരാതിയില്‍ കൃപേഷിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍, സംഭവസമയം അവന്‍ സ്ഥലത്തിലാത്തതിനാല്‍ കേസില്‍ നിന്ന് പൊലിസ് ഒഴിവാക്കുകയായിരുന്നു. പക്ഷേ, അവരുടെ പട്ടികയില്‍ അവനുണ്ടായിരുന്നു.

എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്തതാണ്. ഇത് അനാവശ്യമായ കൊലയാണ്. ഒരു തെറ്റും ചെയ്യാതെയാണ് അവനെ കൊന്നത്. അവന് ഫോണില്‍ ഭീഷണി വരാറുണ്ടായിരുന്നു. തലയെടുക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇത് പോലിസില്‍ പരാതിപ്പെട്ടിരുന്നു. സ്റ്റേഷനില്‍ വച്ച് എല്ലാം തീര്‍ത്തതാണ്. കൊല്ലാന്‍ വേണ്ടിയാണ് അവര്‍ കേസില്‍ നിന്നൊഴിവാക്കിയതെന്ന് ഇപ്പോള്‍ മനസ്സിലായി. പീതാംബരന്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് നേതൃത്വം കൊടുത്ത് കൊല്ലിച്ചത്. വല്‍സന്‍ എന്നയാളും ഇതിന് പിന്നില്‍ കളിച്ചിട്ടുണ്ട്. എന്റെ മകനെ അവര്‍ക്ക് രണ്ടുപേര്‍ക്കും കണ്ടൂട. അതുകൊണ്ടാണ് അവര്‍ അവനെ വെട്ടിനുറുക്കിയതെന്നും കൃഷ്ണന്‍ പറഞ്ഞു. 

Tags: