കുവൈത്ത് സിറ്റി: കോവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ കുവൈത്തില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ പൊതുഅവധിയില്‍ രാജ്യം നിശ്ചലമാവും. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അസാമാന്യ സ്ഥിതി വിശേഷത്തിനു കാരണമായ രോഗബാധ തടയാന്‍ കടുത്ത നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന പ്രചാരണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇന്നലെ ഉച്ചയ്ക്കു മുതല്‍ ശക്തമാവുകയും ചെയ്തിരുന്നു. എന്നാല്‍ വൈകീട്ട് ആറോടെയാണ് രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പുറത്തുവരുന്നത്. പിന്നീട് ഇടവിട്ടുള്ള ഓരോ നിമിഷങ്ങളിലും അമ്പരിപ്പിക്കുന്ന തീരുമാനങ്ങളാണ് പുറത്ത് വന്നത്. പൊതു അവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ബാധകമാക്കിയതും രാജ്യത്തെ റസ്‌റ്റോറന്റ്, കോഫീ ഷോപ്പുകള്‍, വാണിജ്യ സമുച്ചയ കേന്ദ്രങ്ങള്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ മുതലായവ അടച്ചുപൂട്ടുന്നതിനും രാജ്യത്ത് നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തി വയ്ക്കാനുമുള്ള തീരുമാനങ്ങളാണ് പിന്നീടുണ്ടായത്. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് ഫോണ്‍ കോളുകളുടെ പ്രവാഹമാണുണ്ടായത്.
റസ്‌റ്റോറന്റുകളും ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടാനുള്ള തീരുമാനം പുറത്തുവന്നതോടെ റസ്‌റ്റോറന്റുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും കോ-ഓപറേറ്റീവ് സൊസൈറ്റികളിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്. പരമാവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കാനുള്ള തിരക്കാണ് എവിടെയും കണ്ടത്. എന്നാല്‍ രാജ്യത്ത് 6 മാസത്തേക്കുള്ള മുഴുവന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും കരുതല്‍ ശേഖരം ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇത് കൂടാതെ കോ-ഓറേറ്റീവ് സൊസൈറ്റികളിലെ സൂപര്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമായിട്ടുണ്ട്. പല ചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി രാജ്യത്തെ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്ന ലുലു, ഗ്രാന്റ് ഹൈപര്‍ മാര്‍ക്കറ്റുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം. എന്നാല്‍ ഇവിടങ്ങളിലെ റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കില്ല. റസ്‌റ്റോറന്റ് തുറന്നു പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ലെന്നും വീടുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന സംവിധാനം അനുവദിക്കുമെന്നുമാണ് മുന്‍സിപ്പല്‍ അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം.
രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസ് പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് നിര്‍ത്തലാക്കിയ തീരുമാനമാണ് പ്രവാസി സമൂഹത്തില്‍ ഏറെ ആശങ്കയുളവാക്കുന്നത്. ഈ മാസം 6 മുതല്‍ ഇന്ത്യ അടക്കം 7 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന യാത്ര കുവൈത്ത് ഒരാഴ്ചത്തേക്ക് നിര്‍ത്തലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് താമസരേഖ പുതുക്കാനും നീട്ടിനല്‍കാനും അവധി അപേക്ഷ സമര്‍പ്പിക്കാനും സര്‍ക്കാര്‍ സൗകര്യം നല്‍കിയിരുന്നു. ഈ സൗകര്യം കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാഭാവികമായി തടസ്സം നേരിടുമെന്നാണു ആശങ്കയുയരുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതിനായി സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആയിരക്കണക്കിന് വിദേശികളുടെ തിരിച്ചുവരവാണ് ഇല്ലാതാവുക. ഇതിനു പുറമെ ഫെബ്രുവരി 27 മുതല്‍ രാജ്യത്ത് തിരിച്ചെത്തിയ വിദേശികള്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയരാവണമെന്ന് ഇന്ന് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സിക്‌സ്ത് റിങ് റോഡിനു സമീപം മുശ്രിഫിലെ ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടിലെ ആറാം നമ്പര്‍ കെട്ടിടത്തിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരുന്നത്. ഓരോ ഗവര്‍ണറേറ്റിലുമുള്ള താമസക്കാര്‍ക്ക് വിവിധ ദിവസങ്ങളില്‍ ആരംഭിക്കുന്ന പരിശോധന ഇന്ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് നടത്താനിരുന്നത്. പരിശോധന നടത്താത്തവര്‍ക്കെതിരേ ശക്തമായ നിയമ നടപടിയുണ്ടാവുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പരിശോധനയുണ്ടാവുമോ എന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബാങ്കുകള്‍ക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ച സാഹചര്യവും രാജ്യ ചരിത്രത്തില്‍ ആദ്യമായാണ്. അഞ്ചു ദിവസങ്ങളില്‍ കൂടുന്ന പൊതുഅവധി വേളകളില്‍ പോലും മൂന്നുദിവസത്തിലധികം അവധി ബാങ്കുകള്‍ക്ക് നല്‍കാറില്ല. ബാങ്കുകളില്‍ ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. എടിഎമ്മുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. എങ്കിലും തുടര്‍ച്ചയായുള്ള ബാങ്ക് അവധി രാജ്യത്ത് പണക്ഷാമത്തിനും വഴിവയ്ക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. എടിഎം കൗണ്ടറുകളില്‍ ഇന്ന് വൈകീട്ട് മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ധന വിനിമയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. മന്ത്രിസഭാ തീരുമാനം പുറത്തുവന്നതോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും കടുത്ത ആശങ്കയിലാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്തിനു പൂര്‍ണമായും വിരാമമാവുകയുള്ളൂ. എങ്കിലും വരുന്ന രണ്ടാഴ്ചകളില്‍ രാജ്യം ഏറെക്കുറെ നിശ്ചലമാകുന്ന സ്ഥിതിവിശേഷം തന്നെയാകും നിലനില്‍ക്കുക.

