ആന്ധ്രാപ്രദേശിലെ എംഎൽഎമാരിൽ മൂന്നിൽ രണ്ടും സവർണർ
സവർണ ജാതികളായ റെഡ്ഡി, കമ്മ, കപ്പു വിഭാഗങ്ങളിൽ നിന്നാണ് 91 എംഎൽഎമാർ. 140 സീറ്റുകളാണ് നിയമസഭയിൽ ആകെ ഉള്ളത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എംഎൽഎമാരിൽ മൂന്നിൽ രണ്ടും സവർണ ജാതിയിൽ നിന്നുള്ളവർ. സവർണ ജാതികളായ റെഡ്ഡി, കമ്മ, കപ്പു വിഭാഗങ്ങളിൽ നിന്നാണ് 91 എംഎൽഎമാർ. 140 സീറ്റുകളാണ് നിയമസഭയിൽ ആകെ ഉള്ളത്, വർഷങ്ങളായി ആന്ധ്രയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രതിനിധ്യമുള്ള വിഭാഗങ്ങളാണ് ഇവർ.
ആന്ധ്ര നിയമസഭയിലെ റെഡ്ഡി എംഎൽഎമാരുടെ എണ്ണം 2014 ൽ 38 പേരായിരുന്നു ഉണ്ടായതെങ്കിൽ 2019 ലെ തിരഞ്ഞെടുപ്പിൽ 49 പേരായി വർദ്ധിക്കുകയാണ് ഉണ്ടായത്. റെഡ്‌ഡി സമുദായത്തിൽ നിന്നുള്ള 49 പേരെയും നിയമസഭയിൽ എത്തിച്ചത് വൈഎസ്ആർ കോൺഗ്രസാണ്. അതേസമയം കമ്മ സമുദായത്തിൽ നിന്നുള്ള എംഎൽഎമാരുടെ എണ്ണം 33 ൽ നിന്ന് 17 ലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്.
സംവരണ സീറ്റുകളിൽ മാത്രമാണ് പിന്നോക്ക വിഭാഗക്കാർ നിയമസഭയിൽ എത്തുന്നത്. ജനസംഖ്യയുടെ പത്ത് ശതമാനം മുസ്‌ലിംകളാണെങ്കിലും നാല് മുസ്‌ലിം എംഎൽഎമാരാണ് നിയമസഭയിൽ എത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 52 ശതമാനവും പിന്നാക്ക വിഭാഗക്കാരാണ് എന്നാൽ റെഡ്ഡി സമുദായത്തെക്കാൾ ഏറെ പിന്നിലാണ് ഇവരുടെ നിയമ നിർമാണ സഭകളിലെ രാഷ്ട്രീയ പ്രാതിനിധ്യം.