എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരേ രണ്ട് കേസുകള്‍ കൂടി

Update: 2020-11-08 07:23 GMT

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീനെതിരേ രണ്ട് കേസുകള്‍ കൂടി. കാസര്‍ഗോഡ്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകള്‍ 111 ആയി.

അതേ സമയം കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യഹര്‍ജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും. ഐപിസി 420, 406, 409 വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ക്രിമിനല്‍ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. നിക്ഷേപകരുടെ പണം കൊണ്ട് പ്രതികള്‍ ബംഗളൂരുവില്‍ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.