പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്നു; അഞ്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Update: 2023-02-17 09:17 GMT

ഛണ്ഡിഗഢ്: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കളെ ഹരിയാനയില്‍ ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (27), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ബുധനാഴ്ച രാത്രി ഒരുസംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ ഭിവാനിയിലെ ലോഹറുവില്‍ കത്തിനശിച്ച വാഹനത്തില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരാണെന്ന് നസീറിന്റെയും ജുനൈദിന്റെയും ബന്ധുക്കള്‍ ആരോപിച്ചു.

ഗുരുഗ്രാമില്‍ നിന്നുള്ള ബജ്‌റങ്ദള്‍ അംഗം മോനു മനേസര്‍, നുഹില്‍ നിന്നുള്ള ശ്രീകാന്ത് മറോറ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നവര്‍ ആവശ്യപ്പെട്ടു. ബന്ധുക്കളുടെ പരാതിയില്‍ അഞ്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരേ ഗോപാല്‍ഗഡ് പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭരത്പൂര്‍ പോലിസ് പറഞ്ഞു. അപകടമാണോ കത്തിച്ചതാണൊ എന്ന് വ്യക്തമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലിസ് പറയുന്നു.

ഒരു ഗ്രാമവാസിയാണ് കാര്‍ കത്തിനശിച്ച വിവരം അറിയിച്ചത്. വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നും പോലിസ് വ്യക്തമാക്കി. യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ തീക്കൊളുത്തിയതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും. കുടുംബാംഗങ്ങള്‍ ചിലരുടെ പേര് പറഞ്ഞിട്ടുണ്ട്. അവരെ പിടികൂടാന്‍ ഞങ്ങള്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഐജി പറഞ്ഞു. നസീറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. എന്നാല്‍, മരിച്ച ജുനൈദിനെതിരേ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. പശുസംരക്ഷണത്തിന്റെ പേരിലാണോ സംഭവമെന്ന് അന്വേഷിക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി ഗോപാല്‍ഗഡ് പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ബൊലേറോ കാറിലെത്തിയ ഇവരെ ആക്രമിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം.

Tags: