ഗാന്ധി വധം പുനരാവിഷ്‌കരിച്ച രണ്ട് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഒമ്പതുപേര്‍ക്കെതിരേ കേസ്
രക്തസാക്ഷിദിനത്തില്‍ രാഷ്ട്രപിതാവിന്റെ കോലത്തില്‍ നിറയൊഴിക്കുകയും കോലം കത്തിക്കുകയും നാഥുറാം ഗോഡ്‌സെയ്ക്ക് മാല ചാര്‍ത്തുകയും ചെയ്ത ഹിന്ദു മഹാസഭയിലെ രണ്ടു പേരേ പൊലിസ് അറസ്റ്റ് ചെയ്തു.
ലക്‌നൗ: രക്തസാക്ഷിദിനത്തില്‍ രാഷ്ട്രപിതാവിന്റെ കോലത്തില്‍ നിറയൊഴിച്ച് ഗാന്ധിവധം പുനരാവിശ്കരിച്ച രണ്ട് ഹിന്ദുമഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. ഒമ്പത് പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഗാന്ധിയുടെ കോലമുണ്ടാക്കി നിറയൊഴിക്കുകയും കോലം കത്തിക്കുകയും നാഥുറാം ഗോഡ്‌സെയ്ക്ക് മാല ചാര്‍ത്തുകയും ചെയ്ത സംഭവത്തിലാണ് പോലിസ് നടപടി. ഒമ്പതു പേര്‍ക്കെതിരെ കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നീരജ് കുമാര്‍ ജദൗണ്‍ അറിയിച്ചു. അതേസമയം, പരിപാടിക്ക് നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂര്‍ പാണ്ഡെയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിന് നേതൃത്വം നല്‍കിയ ഹിന്ദുമഹാസഭാ നേതാക്കള്‍ തന്നേയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഗാന്ധിവധം ആഘോഷിക്കാനായി നാഥൂറാം ഗോഡ്‌സെയുടെ പ്രതിമയില്‍ ഹിന്ദുമഹാസഭ നേതാവ് മാല ചാര്‍ത്തുകയും ചെയ്തു.
ഗാന്ധിജിയുടെ കോലം കത്തിച്ചത് മനോജ് സൈനി ആയിരുന്നു. വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐപിസി സെക്ഷന്‍സ് 153 എ, 295 എ, 147 എന്നീ വകുപ്പുകള്‍ ചുമത്തി മതം, വംശം, ജന്മദേശം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ദ്ധിപ്പിക്കാന്‍ ശ്രമം, മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരായി പ്രത്യേക അധികാര നിയമം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവര്‍ ഗാന്ധിവധം പുനഃസംഘടിപ്പിച്ചതില്‍ യാതൊരു തെറ്റുമുള്ളതായി തോന്നുന്നില്ലെന്ന് എബിഎച്ച്എം വക്താവ് അശോക് പാണ്ഡെ പറഞ്ഞു. സംഘപരിവാര കേന്ദ്രങ്ങളും പരിപാടിയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധിയുടെ ചരമവാര്‍ഷികമായ ജനുവരി 30നെ 'ശൗര്യ ദിനം' എന്നാണ് എബിഎച്ച്എം വിളിക്കുന്നത്.
