പോളണ്ട് ഗ്രാമത്തില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Update: 2022-11-16 02:46 GMT

വാഴ്‌സോ: യുക്രെയ്ന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ പോളണ്ട് ഗ്രാമത്തില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 15 മൈല്‍ അകലെയുള്ള പോളണ്ട് ഗ്രാമമായ പ്രസെവോഡോവിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ മിസൈലുകളാണ് പ്രസെവോഡോവില്‍ പതിച്ചതെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു. റഷ്യന്‍ മിസൈലാക്രമണമാണുണ്ടായതെന്ന് മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സും റിപോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് നാറ്റോയും അന്വേഷിക്കുന്നുണ്ട്. നാറ്റോ രാജ്യങ്ങളിലൊന്നായ പോളണ്ടിന് നേരെയുണ്ടായ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നത് വ്യക്തമല്ല. എന്നാല്‍, ആക്രമണ വാര്‍ത്തകള്‍ തള്ളി റഷ്യന്‍ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. സ്ഥിതിഗതികള്‍ വഷളാക്കാനുള്ള ബോധപൂര്‍വമായ പ്രകോപനമാണ് നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍- പോളണ്ട് അതിര്‍ത്തിയില്‍ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോളണ്ടിലേക്ക് റഷ്യന്‍ മിസൈല്‍ കടന്നുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളെക്കുറിച്ചും റഷ്യയ്ക്ക് അറിവില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ആക്രമണത്തെക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്.

പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി ദേശീയ സുരക്ഷയ്ക്കും പ്രതിരോധ കാര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ സമിതിയുടെ അടിയന്തര യോഗം വിളിച്ചതായി സര്‍ക്കാര്‍ വക്താവ് പിയോറ്റര്‍ മുള്ളര്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന ലുബെല്‍സ്‌കി പ്രവിശ്യയിലെ പോളണ്ടിന്റെ പ്രദേശത്ത് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് പോളിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ വിശദീകരണം നല്‍കണമെന്ന് പോളിഷ് വിദേശകാര്യ വക്താവ് ലൂക്കാസ് ജസീന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പോളണ്ട് വിദേശകാര്യ മന്ത്രി രാജ്യത്തെ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി, ഉടനടി വിശദമായ വിശദീകരണം ആവശ്യപ്പെട്ടു. ഊര്‍ജമേഖലയെ തകര്‍ത്തുകൊണ്ടുള്ള റഷ്യന്‍ ആക്രമണത്തില്‍ കടുത്ത വെല്ലുവിളിയാണ് യുക്രെയ്ന്‍ നേരിടുന്നത്. എല്ലാം അതിജീവിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമില്‍ സെലന്‍സ്‌കി പറഞ്ഞു. ഏകദേശം 85 മിസൈലുകളോളം റഷ്യ പ്രയോഗിച്ചതായിയാണ് വിവരം. യുക്രെയ്‌നിലെ പ്രധാന നഗരങ്ങളെയെല്ലാം തന്നെ ഈ ആക്രമണം ബാധിച്ചിട്ടുണ്ട്.

Tags:    

Similar News