എന്‍പിആര്‍-എന്‍ആര്‍സി: ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളില്‍ വൈരുധ്യം
ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എന്‍പിആര്‍, എന്‍ആര്‍സിയുടെ ആദ്യ ചുവട് വയ്പായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പിന്നീട് ഇറക്കിയ രേഖയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല.
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി)യും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുറത്തിറക്കിയ രണ്ട് രേഖകളില്‍ വൈരുധ്യം. ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എന്‍പിആര്‍, എന്‍ആര്‍സിയുടെ ആദ്യ ചുവട് വയ്പായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പിന്നീട് ഇറക്കിയ രേഖയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല.
ഒക്ടോബറില്‍ ഇറക്കിയ ആദ്യ രേഖയിലാണ് എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യ പടിയാണെന്ന് വ്യക്തമാക്കുന്നത്. അതേസമയം, പിന്നീട് ഇറക്കിയ സര്‍ക്കുലറില്‍ ഈ പരാമര്‍ശം ഒഴിവാക്കിയിട്ടുണ്ട്. വ്യാപക പ്രക്ഷോഭത്തെതുടര്‍ന്നാണ് രണ്ടാമത്തെ സര്‍ക്കുലറില്‍നിന്ന് കേന്ദ്രം ഈ പരാമര്‍ശം നീക്കിയതെന്നാണ് റിപോര്‍ട്ടുകള്‍.എന്‍പിആര്‍. വിവരങ്ങളെ അടിസ്ഥാനമാക്കി എന്‍ആര്‍സിക്ക് രൂപം നല്‍കാന്‍ യാതൊരു നിര്‍ദേശവുമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിലപാട്.
'എല്ലാ തരത്തിലുള്ള ആളുകളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള എന്‍പിആറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇത് ദേശീയ പൗരത്വ രജിസ്‌ട്രേഷനുള്ള ആദ്യ പടിയാണ്' എന്നാണ് ഒക്ടോബറില്‍ പുറത്തിറങ്ങിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 15ാം അധ്യായത്തിന്റെ 273ാം പേജില്‍ പറയുന്നത്.ഹൗസിങ് ആന്റ് പോപുലേഷന്‍ സിസ്റ്റം, സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം, സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്ന വരുന്നുവെന്നും റിപ്പോര്‍ട്ടിന്റെ 262ാം പേജില്‍ പറയുന്നുണ്ട്.
ഇതിനെതിരേ വ്യാപക പ്രതിഷേധം രാജ്യവ്യാപകമായി അലയടിച്ചതിനു പിന്നാലെ ഏറ്റവും ഒടുവിലായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ പറയുന്നത് എന്‍പിആര്‍ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്നാണ്. എന്‍പിആര്‍ ഡാറ്റയെ അടിസ്ഥാനമാക്കി രാജ്യത്ത് എന്‍ആര്‍സി സൃഷ്ടിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ ഇല്ലെന്നും ഇതില്‍ പറയുന്നു.
