അഖ്‌ലാഖിന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ രണ്ട് എഫ്‌ഐആര്‍; പോലിസ് ഭാഷ്യം വ്യത്യസ്തം

കേസില്‍ ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും തന്റെ സഹോദരന് നീതി വേണമെന്നും ഇക്‌റാം ആവശ്യപ്പെടുന്നു.

Update: 2020-09-11 13:12 GMT

ചണ്ഡിഗഡ്: പാനിപത്തില്‍ 28 കാരനായ അഖ്‌ലാഖിന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ രണ്ട് എഫ്ഐആര്‍. ഒന്ന് ഗുരുതരമായി പരിക്കേറ്റ അഖ്‌ലാഖിന്റെ സഹോദരന്‍ ഇക്ക്റാം പ്രതികള്‍ക്കെതിരേ നല്‍കിയ പരാതിയിന്‍മേലും. മറ്റൊന്ന് ഏഴ് വയസ്സുകാരിയെ തട്ടികൊണ്ടുപോയി അക്രമിക്കാന്‍ ശ്രമിച്ചതായി പോലിസ് അഖ്ലാഖിനെതിരേ ചുമത്തിയ പോക്‌സോ കേസും.

പെണ്‍കുട്ടിയെ ബന്ധുക്കള്‍ രക്ഷപ്പെടുത്തുന്നതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കൈ അറ്റുപോയതാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. എന്നാല്‍, സംഭവം റെയില്‍വേ ട്രാക്കിനടുത്തെ അപകടമാക്കി എഴുതിത്തള്ളാനുള്ള പോലിസ് ശ്രമിമാണന്ന് പ്രതിയുടെ സഹോദരന്‍ ആരോപിച്ചു.

24നാണ് അഖ്‌ലാഖിനെ കൈ വെട്ടിമാറ്റിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കാണുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലെ സമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. നാട്ടില്‍ ജോലിയില്ലാതായതോടെ മറ്റൊരു നാട്ടില്‍ തൊഴില്‍ തേടിയാണ് സഹോദരന്‍ അഖ്‌ലാഖ് ആഗസ്ത് 23ന് ഹരിയാനയിലെ പാനിപ്പത്തിലേക്ക് പോയതെന്ന് സഹോദരന്‍ പറഞ്ഞു. യാത്രയ്ക്കിടെ കിഷന്‍പുര എന്ന സ്ഥലത്തെത്തിയപ്പോള്‍ സഹോദരന്‍ അല്‍പം വിശ്രമിക്കാനിരുന്നു. അവിടെയെത്തിയ രണ്ടുപേര്‍ അവന്റെ പേര് ചോദിച്ചു. പേര് പറഞ്ഞയുടനെ അവനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ക്രൂരമര്‍ദ്ദനത്തിനു ശേഷം ഗുരുതരമായി പരിക്കേറ്റ സഹോദരനെ അവര്‍ റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞു. തീര്‍ത്തും അവശനായ അവന് കഠിനമായ ദാഹം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചു. എന്നാല്‍, വീട്ടുകാരുടെ പെരുമാറ്റം അവനെ അമ്പരപ്പിക്കുകയാണ് ചെയ്തതെന്ന് ഇക്‌റാം പറയുന്നു. വെള്ളത്തിന് പകരം അവര്‍ അവനെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിച്ചു. എല്ലാം മുമ്പേ ആസൂത്രിതമായ രീതിയിലായിരുന്നു. മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ മര്‍ദിച്ചവരാണ് അതിലുണ്ടായിരുന്നതെന്ന് അവന് മനസ്സിലായി. നാല് പുരുഷന്‍മാരും രണ്ടുസ്ത്രീകളുമാണ് വീട്ടിലുണ്ടായിരുന്നത്. മര്‍ദനത്തിനിടയിലാണ് അവന്റെ കൈയില്‍ 786 എന്ന് ചെയിന്‍ മാതൃകയില്‍ പച്ചകുത്തിയിരിക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇനി നിന്റെ കൈയില്‍ ഇങ്ങനെ എഴുതാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച അക്രമികള്‍ തടിമുറിക്കുന്ന യന്ത്രമുപയോഗിച്ച് സഹോദരന്റെ വലതുകൈപ്പത്തി മുറിച്ചുമാറ്റി. പിന്നീട് ക്രൂരമര്‍ദനത്തിനിരയാക്കി. ഇതിനുശേഷം അവര്‍ സഹോദരനെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

അജ്ഞാതനായ ഒരാളാണ് സംഭവത്തെക്കുറിച്ച് തന്നെ വിളിച്ചറിയിക്കുന്നതെന്ന് ഇക്‌റാം പറയുന്നു. പോലിസില്‍ പരാതി പെടാന്‍ പോയങ്കിലും ഇതൊരു അപകട കേസാക്കി എഴുതിത്തള്ളാനായിരുന്നു പോലിസിന്റെ തീരുമാനം. അഖ്‌ലാഖിനെ മര്‍ദിച്ച സ്ഥലത്തുപോയി നടത്തിയ അന്വേഷണത്തിലാണ് അക്രമികള്‍ സൈനി സമുദായത്തില്‍പ്പെട്ടവരാണെന്ന് ഇക്‌റാമിന് മനസ്സിലായത്. എസ്‌ഐ ബല്‍വാന്‍ അവരെ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിട്ടയക്കുകയായിരുന്നു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും തന്റെ സഹോദരന് നീതി വേണമെന്നും ഇക്‌റാം ആവശ്യപ്പെടുന്നു.