പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സംഭവം;രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ തായിനേരി സ്വദേശി ടി അമല്‍,മൂരിക്കൂവല്‍ സ്വദേശി എം വി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Update: 2022-06-27 10:13 GMT

കണ്ണൂര്‍:പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ തായിനേരി സ്വദേശി ടി അമല്‍,മൂരിക്കൂവല്‍ സ്വദേശി എം വി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ രണ്ടാഴ്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമായി ഉയര്‍ന്ന് വന്നിരുന്നു.ഇതിനിടേയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലിസ് അറിയിച്ചു.

കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത്. ജൂണ്‍ 13ന് രാത്രിയാണ് സംഭവം.വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയില്‍ വച്ച നിലയിലായിരുന്നു, ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.സംഭവത്തിന് പിന്നലെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.

ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പ്രദേശവാസികളില്‍ നിന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചിട്ടും പോലിസ് അറസ്റ്റിലേക്ക് നീങ്ങാതിരുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.സംഭവത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ പയ്യന്നൂര്‍ പോലിസിന് കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാലാണ് പോലിസ് നടപടി ഉണ്ടാകാത്തത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം ആക്രമികളെ പോലിസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാലാണ് പോലിസ് നടപടി ഉണ്ടാകാത്തതെന്നും,ഗാന്ധി പ്രതിമ തകര്‍ത്തതോടെ സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ എന്ത് വത്യാസമാണുള്ളതെന്നും വി ഡി സതീശന്‍ ചോദിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസായ ഗാന്ധി മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്തത്. പയ്യന്നൂരില്‍ കാറമേല്‍ യൂത്ത് സെന്ററും അടിച്ചു തകര്‍ത്തിരുന്നു. സമാനമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.

Tags:    

Similar News