തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം; 10 പേര്‍ക്കായി തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് പ്രതിഷേധം

വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി.

Update: 2022-09-05 11:37 GMT

തിരുവനന്തപുരം: പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി.

26 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരെ വര്‍ക്കല, ചിറയിന്‍കീഴ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കനത്ത കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം തെരച്ചില്‍ ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്.

സഫാ മര്‍വ ബോട്ടാണ് അപകടത്തില്‍ പെട്ടത്. മത്സ്യബന്ധനത്തിന് പോയ വര്‍ക്കല സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് മത്സ്യതൊഴിലാളികള്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

കുടുങ്ങിക്കിടക്കുന്ന പത്തിലധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ പെരുമാതുറയിലെത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു.