ഭര്‍ത്താവുമായി ബന്ധമെന്ന് സംശയം; യുവതി കിണറ്റില്‍ തള്ളിയിട്ട സ്ത്രീയുടെ രണ്ടു കുട്ടികള്‍ മരിച്ചു
ന്യൂഡല്‍ഹി: ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവതി കിണറ്റില്‍ തള്ളിയിട്ട സ്ത്രീയുടെ രണ്ടു കുട്ടികള്‍ മരിച്ചു. സ്ത്രീ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒന്നരയും നാലും വയസ്സുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. മധ്യപ്രദേശിലെ ബേടുല്‍ ജില്ലയിലെ കന്‍ഹേഗാവിലാണ് സംഭവം.
പിങ്കി കുമ്രേ(38) എന്ന യുവതിയാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. മാര്‍ക്കറ്റില്‍ പോയി തിരിച്ചുവരികയായിരുന്നു അമ്മയും കുട്ടികളും. വഴിയരികിലെ ചുറ്റുമതിലില്ലാത്ത കിണറിന്റെ അരികില്‍ കാത്തുനിന്ന പ്രതി അമ്മയെയും ഒക്കത്തിരുന്ന കുഞ്ഞിനെയും തള്ളിയിടുകയും നാലു വയസ്സുകാരനെ എടുത്തിടുകയുമായിരുന്നു.
തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ പിങ്കി സ്ത്രീയേയും കുട്ടികളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നെന്ന് മധ്യപ്രദേശ് സബ് ഡിവിഷണല്‍ പോലിസ് ഓഫിസര്‍ മഹീന്ദ്രാ സിംഗ് മീണ പറഞ്ഞു.
കിണറ്റില്‍ വീണ സ്ത്രീ വള്ളിപ്പടര്‍പ്പില്‍ പിടിച്ച് നില്‍ക്കുന്നത് കണ്ട പ്രതി കല്ലെടുത്തെറിയുകയും കയ്യിലുണ്ടായിരുന്ന കുഞ്ഞ് വീഴുകയുമായിരുന്നെന്ന് മഹീന്ദ്രാ സിംഗ് മീണ പറഞ്ഞു. ഗ്രാമീണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി കുട്ടികളെ പുറത്തെടുത്തു. പരിക്കേറ്റ അമ്മ ചികിത്സയിലാണ്.