ട്വിറ്ററിന്റെ ഇന്ത്യന്‍ നയരൂപീകരണ വിഭാഗം മേധാവി മഹിമാ കൗള്‍ രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മഹിമ വ്യക്തമാക്കിയത്.

Update: 2021-02-07 19:18 GMT

ന്യൂഡല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യന്‍ നയരൂപീകരണ വിഭാഗം മേധാവി മഹിമാകൗള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മഹിമ വ്യക്തമാക്കിയത്. ജനുവരിയില്‍ തന്നെ മഹിമ രാജി സന്നദ്ധത അറിയിച്ചിരുന്നതായാണ് സൂചന. മൈക്രോ ബ്ലോഗിങ് സെറ്റായ ട്വിറ്ററിന്റെ ഇന്ത്യയുടേയും ദക്ഷിണേഷ്യയുടേയും പബ്ലിക് പോളിസി ഡയറക്ടറാണ് മഹിമ. മഹിമയുടെ രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് സീനിയര്‍ എക്‌സിക്യൂട്ടിവും സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു കാലം മാറി നില്‍ക്കുന്നതിനായാണ് രാജി വെച്ചതെന്നാണ് കൗളും പറയുന്നത്

എന്നാല്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിയമം ലംഘിച്ചതിനാല്‍, ട്വിറ്ററിന് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈസാഹചര്യത്തിലാണ് കൗളിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് 250 അക്കൗണ്ടുകള്‍ മരവിപ്പിക്കാനുളള തങ്ങളുടെ ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. എന്നാല്‍ പിന്നീട് അഭിപ്രായ സ്വാതന്ത്ര്യമാണെന്നും വാര്‍ത്താ പ്രാധാന്യമുള്ള വിഷയമാണെന്നും വ്യക്തമാക്കി ട്വിറ്റര്‍ അവ പുനസ്ഥാപിച്ചിരുന്നു.

മഹിമയുടെ രാജി ട്വിറ്ററിന് നഷ്ടമാണെന്നും വ്യക്തി ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ആഗ്രഹത്തെ മാനിക്കുന്നുവെന്നും ട്വിറ്റര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പദവിയില്‍ അഞ്ച് വര്‍ഷത്തിനു ശേഷം ഉണ്ടായ അവരുടെ ആഗ്രഹത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും മാറ്റത്തെ പിന്തുണക്കുമെന്നും മഹിമ മാര്‍ച്ച് അവസാനംവരെ അവരുടെ പദവിയില്‍ തുടരുമെന്നും ട്വിറ്റര്‍ മേധാവി തന്റെ ഔദ്യോഗിക പ്രസ്താനയില്‍ വ്യക്തമാക്കി.

Tags:    

Similar News