'ജയ്ശ്രീറാം' വിളിക്കാത്തതിന് വയോധികനെ മര്‍ദ്ദിച്ചെന്ന വീഡിയോ പങ്കുവച്ചു; ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ കേസ്
മര്‍ദ്ദിച്ചവരില്‍ ഹിന്ദുക്കളും മുസ് ലിംകളും ഉണ്ടെന്ന് പോലിസ്
കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലെ ലോണിയില്‍ സൂഫി അബ്ദുസ്സമദ് എന്ന വയോധികന്‍, തന്നെ ഓട്ടോയില്‍ കയറ്റി ഒരു സംഘം വനമേഖലയിലേക്ക് കൊണ്ടുപോയി ഒരു കുടിലില്‍ പൂട്ടിയിട്ട 'വന്ദേമാതരം', 'ജയ് ശ്രീ റാം' എന്നിവ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും താടി മുറിക്കുകയും ചെയ്തതായി വീഡിയോ സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതിന്റെ വീഡിയോ 'സാമുദായിക വികാരം പ്രകോപിപ്പിക്കുക' എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ ഗാസിയാബാദ് പോലിസ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പരിശോധിച്ചെന്നും എന്നാല്‍ ഇവരൊന്നും പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും പോലിസ് പറയുന്നു.
ഓണ്‍ലൈന്‍ വാര്‍ത്താ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നശേഷം ഒരു സാമൂഹിക മാധ്യമത്തിനെതിരേ എടുക്കുന്ന ആദ്യ കേസാണിത്. പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് നിയമപരമായ പരിച നഷ്ടപ്പെട്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 'ഏതൊരു പ്രസാധകനെയും പോലെ തന്നെ ഇന്ത്യന്‍ നിയമത്തിനെതിരായ ശിക്ഷാനടപടികള്‍ക്കും ട്വിറ്റര്‍ ബാധ്യസ്ഥനാണ്. അവര്‍ക്ക് യാതൊരു പരിരക്ഷയും ലഭിക്കാത്തതിനാല്‍ ശിക്ഷാനടപടികള്‍ക്ക് അവര്‍ ബാധ്യസ്ഥരാണെന്നും അധികൃതര്‍ പറയുന്നു. കേസില്‍ ഏതെങ്കിലും സാമുദായിക ലക്ഷ്യം ഇല്ലെന്നും സൂഫി അബ്ദുസ്സമദിനെ മര്‍ദ്ദിച്ച ആറു പേരില്‍ ഹിന്ദുക്കളും മുസ് ലിംകളും ഉണ്ടെന്നുമാണ് പോലിസ് ഭാഷ്യം. ജൂണ്‍ 5ന് സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വയോധികനെ ആക്രമിച്ച കേസില്‍ ഐപിസി സെക്ഷന്‍ 342, 323, 504, 506 പ്രകാരം പോലിസ് കേസ് ഫയല്‍ ചെയ്തത്.
Twitter, Journalists Named In UP Police Case For Ghaziabad Attack Posts
