ടിആര്‍പി തട്ടിപ്പ്: ബാര്‍ക്ക് ഇന്ത്യ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്ത അറസ്റ്റില്‍

Update: 2020-12-24 17:47 GMT

മുംബൈ: വ്യാജ ടിആര്‍പി അഴിമതിക്കേസില്‍ മുംബൈ പോലീസ് ബാര്‍ക്ക് ഇന്ത്യയുടെ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയെ അറസ്റ്റ് ചെയ്തു. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് ഗുപ്ത.പുനെ ജില്ലയിലെ രാജ്ഗഡ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.

നാളെ മുംബൈയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ബാര്‍ക് മുന്‍ സിഒഒ റാമില്‍ രാംഗരിയ അടക്കമുള്ളവരെ കേസില്‍ സിഐയു അറസ്റ്റ് ചെയ്തിരുന്നു.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തിരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍.വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‌പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു.

ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് ഓഡിറ്റര്‍മാരും ബാര്‍ക് അംഗങ്ങളുമടക്കം 140ഓളം സാക്ഷികളുടെ പേരാണ് എഫ്‌ഐആറിലുള്ളത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മുംബൈ പൊലിസിന്റെ കണ്ടെത്തല്‍.