തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

Update: 2023-02-08 09:42 GMT

അങ്കാറ: തുടര്‍ച്ചയായ ഭൂകമ്പത്തില്‍ തുര്‍ക്കി നടുങ്ങിനില്‍ക്കവെ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നേരത്തെ ഭൂചലനമുണ്ടായ ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് തുടര്‍ചലനവും അനുഭവപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നതിനിടെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നത് ഭീതിപടര്‍ത്തുന്നുണ്ട്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

നാശനഷ്ടങ്ങള്‍, ആള്‍നാശം എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതുവരെ തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 9,500 കടന്നുവെന്നാണ് കണക്ക്. അതേസമയം, ഭൂചലനത്തിലെ മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. പതിനായിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയെ സഹായിക്കാന്‍ യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌നും രക്ഷാപ്രവര്‍ത്തകരെ അയച്ചു. പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക വൈദഗ്ധ്യം യുക്രെയ്‌നുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

Tags:    

Similar News