തുര്‍ക്കിയെ വിഴുങ്ങി കാട്ടുതീ, മരണം ആറായി, നിരവധി പേര്‍ക്ക് പരിക്ക്; നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ ദുരന്തമേഖലകളായി പ്രഖ്യാപിച്ചു

ബുധനാഴ്ച മുതലാണ് തുര്‍ക്കിയിലുടനീളം തീ പടര്‍ന്നുപിടിച്ചത്. 1,500 ഏക്കറോളം കൃഷിഭൂമി കത്തിനശിച്ചു. ഗ്രാമങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീ പടര്‍ന്നതോടെ ആളുകളെ നിര്‍ബന്ധപൂര്‍വം അധികൃതര്‍ ഒഴിപ്പിച്ചു.

Update: 2021-08-01 02:58 GMT

അങ്കാറ: തുര്‍ക്കിയുടെ തെക്കന്‍ ഭാഗത്തുണ്ടായ അതിശക്തമായ കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ കാട്ടുതീയില്‍പ്പെട്ട് ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തും കാനഡയിലും കഴിഞ്ഞമാസം അതിശക്തമായ കാട്ടുതീ നാശം വിതച്ചതിന് പിന്നാലെയാണ് തുര്‍ക്കിയിലും ദുരന്തമെത്തിയത്. രണ്ട് തൊഴിലാളികള്‍കൂടി മരണപ്പെട്ടതിനെത്തുടര്‍ന്നാണ് മരണസംഖ്യ ആറായി ഉയര്‍ന്നത്. തുര്‍ക്കിയിലെ മെഡിറ്ററേനിയന്‍, തെക്കന്‍ ഈജിയന്‍ പ്രദേശങ്ങളിലാണ് അതിശക്തമായ കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.

മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ കാട്ടുതീ മൂലം നാഷനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളായ തെക്കന്‍ തുര്‍ക്കിയുടെ ചില ഭാഗങ്ങള്‍ ദുരന്തമേഖലകളായി തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച മുതലാണ് തുര്‍ക്കിയിലുടനീളം തീ പടര്‍ന്നുപിടിച്ചത്. 1,500 ഏക്കറോളം കൃഷിഭൂമി കത്തിനശിച്ചു. ഗ്രാമങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീ പടര്‍ന്നതോടെ ആളുകളെ നിര്‍ബന്ധപൂര്‍വം അധികൃതര്‍ ഒഴിപ്പിച്ചു. മാനവ്ഗട്ടില്‍ കുറഞ്ഞത് അഞ്ച് പേരും മര്‍മരിസില്‍ ഒരാളും മരിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ രണ്ട് നഗരങ്ങളും മെഡിറ്ററേനിയന്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. നൂറുകണക്കിനാളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.

മാനവ്ഗട്ടിലെ തീപ്പിടിത്തത്തില്‍പ്പെട്ട 400 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും 10 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി ഫഹ്‌റെറ്റിന്‍ കോക്കയെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. മര്‍മരിസില്‍ 159 പേര്‍ക്ക് ചികില്‍സ നല്‍കി. ഒരാള്‍ ഇപ്പോഴും പൊള്ളലേറ്റ് ചികില്‍സയിലാണ്. റഷ്യയില്‍നിന്നും യൂറോപ്പിലെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രമാണ് അന്റാലിയ, തീരദേശ റിസോര്‍ട്ട് പട്ടണമായ മാനവ്ഗട്ട് എന്നിവിടങ്ങളിലാണ് അതിശക്തമായ കാട്ടുതീയുയര്‍ന്നത്. അന്റാലിയ പ്രവിശ്യയിലെ മാനവ്ഗട്ടില്‍ ബുധനാഴ്ചയുണ്ടായ കാട്ടുതീ മൂലം പ്രദേശത്ത് ശക്തമായ കാറ്റും ചുട്ടുപൊള്ളുന്ന താപനിലയുമാണെന്ന് കൃഷി, വനം മന്ത്രി ബെകിര്‍ പക്‌ഡെമിലി പറഞ്ഞു.

50 കിലോമീറ്റര്‍ (30 മൈല്‍) വടക്ക് അക്‌സെക്കി ജില്ലയില്‍ പടര്‍ന്നുപിടിച്ച മറ്റൊരു കാട്ടു തീ അണയ്ക്കുന്ന തിരക്കിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍. കനത്ത ചൂടിലും ശക്തമായ കാറ്റിനെയും തുടര്‍ന്നുണ്ടായ 98 തീപ്പിടിത്തങ്ങളില്‍ 88 എണ്ണവും നിയന്ത്രണവിധേയമാക്കിയതായി കൃഷി, വനംവകുപ്പ് മന്ത്രി ബെക്കിര്‍ പക്‌ദേമിര്‍ലി ശനിയാഴ്ച പറഞ്ഞു. തെക്കന്‍ ഹടായ് പ്രവിശ്യയില്‍ പുതിയ തീപ്പിടിത്തങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അവിടെ തീ ജനവാസമേഖലകളിലേക്ക് വ്യാപിച്ചെങ്കിലും നിയന്ത്രണവിധേയമാക്കിയതായാണ് റിപോര്‍ട്ടുകള്‍.

ഈജിയന്‍ പട്ടണമായ ബോഡ്രത്തിന്റെ ചില ഭാഗങ്ങളിലെ ഹോട്ടലിലുള്ള സഞ്ചാരികളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ മാര്‍ഗം ഇവരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കുന്നതിന് സഹായിക്കാന്‍ സ്വകാര്യ ബോട്ടുകളുടെ സഹായം അധികൃതര്‍ തേടിയതായി തുര്‍ക്കി മാധ്യമങ്ങള്‍ പറഞ്ഞു. പ്രസിഡന്റ് ഉര്‍ദുഗാന്‍ ശനിയാഴ്ച ഹെലികോപ്റ്ററില്‍ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനുശേഷമാണ് കാട്ടുതീ ബാധിച്ച പ്രദേശങ്ങളെ 'ദുരന്ത മേഖലകള്‍' എന്ന് ട്വിറ്ററില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യത്തിന്റെ മുറിവുകള്‍ ഉണക്കാനും നഷ്ടം നികത്താനും ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ തുടരും. തീ നിയന്ത്രണവിധേയമാക്കാന്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നിട്ടും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്- ഉര്‍ദുഗാന്‍ പറഞ്ഞു.

Tags:    

Similar News