മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; ഒരു മരണം, സുനാമി മുന്നറിയിപ്പ്

Update: 2022-09-20 01:19 GMT

മെക്‌സിക്കോ സിറ്റി: തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. ഒരാള്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അക്വിലയില്‍ നിന്നും 37 കിലോമീറ്റര്‍ തെക്കുകിഴക്കായി കോളിമ, മൈക്കോക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് 15.1 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഇതെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ വരെ ഉയരുന്ന തിരമാലകള്‍ മെക്‌സിക്കോയിലുണ്ടാവുമെന്നാണ് വിവരം.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05നാണ് ഭൂചലനം സംഭവിച്ചത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. 1985ലും 2017ലും ഒരേ ദിവസം (സപ്തംബര്‍ 19) മെക്‌സിക്കോയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. തകര്‍ച്ചയെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ ചില കെട്ടിടങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ അടച്ചിട്ടതായി പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ സംസ്ഥാനമായ കോളിമയിലെ മാന്‍സാനില്ലോയിലെ ഒരു ഷോപ്പിങ് സെന്ററിലെ വേലി വീണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാവികസേനാ സെക്രട്ടറി ജോസ് റാഫേല്‍ ഒജെഡ ഡുറാന്‍ ഉദ്ധരിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഭൂചലനത്തിന്റെ തീവ്രത 7.6 ആണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ആദ്യം റിപോര്‍ട്ട് ചെയ്തത്. മെക്‌സിക്കോയുടെ ദേശീയ ഭൂകമ്പശാസ്ത്ര ഏജന്‍സി പിന്നീട് തിങ്കളാഴ്ച ഇത് 7.7 തീവ്രതയെന്ന് വ്യക്തമാക്കി.

Tags:    

Similar News