ടിഎസ്ആര്‍ടിസി സമരം; അരലക്ഷത്തോളം ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

Update: 2019-10-07 14:29 GMT

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാറിനെതിരേ സമരം ചെയ്ത അരലക്ഷത്തോളം ടിഎസ്ആര്‍ടിസി(തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) ജീവനക്കാരെ തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. തൊഴിലാളി സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെലങ്കാന സര്‍ക്കാരിന്റെ നടപടി. തിങ്കളാഴ്ച വൈകീട്ട് ആറിനുള്ളില്‍ ജോലിക്കെത്താത്തവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലിക്കെത്താത്ത തൊഴിലാളികള്‍ക്ക് സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ നോട്ടീസ് അയച്ചത്.

   



 

ഒഴിവുകള്‍ നികത്തുക, ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തുക, പ്രസവാനുകൂല്യം നല്‍കുക തുടങ്ങിയ 26 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിത കാല സമരം നടത്തുന്നത്. സമരം മൂന്നാം ദിനത്തിലെത്തിയപ്പോള്‍ ഏകദേശം 48000ത്തോളം തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുത്തത്. ആഘോഷ സീസണില്‍ ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താന്‍ കഴിയാതായതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാന്‍ 2500 സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, 15 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ക്കു മുഖ്യമന്ത്രി നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.



Tags:    

Similar News