സൗദി കിരീടാവകാശിക്കെതിരായ കൊലപാതക ഗൂഢാലോചന കേസ്: നിയമനടപടി ഒഴിവാക്കുന്നത് ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയില്‍

സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലീഗല്‍ ഓഫിസ് ഈ അഭ്യര്‍ത്ഥന പരിഗണനയിലാണെന്നും അതിന്റെ കണ്ടെത്തലുകള്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം നീതിന്യായ വകുപ്പിന് ശുപാര്‍ശ നല്‍കുമെന്നും പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Update: 2020-12-24 06:22 GMT

വാഷിങ്ടണ്‍: സൗദി മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ സഅദ് അല്‍ ജാബ്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരായ കോടതി നടപടികള്‍ ഒഴിവാക്കണമെന്ന റിയാദിന്റെ അഭ്യര്‍ഥന ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലാണെന്ന് ഉന്നത തല വൃത്തങ്ങള്‍ അറിയിച്ചു.

സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലീഗല്‍ ഓഫിസ് ഈ അഭ്യര്‍ത്ഥന പരിഗണനയിലാണെന്നും അതിന്റെ കണ്ടെത്തലുകള്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം നീതിന്യായ വകുപ്പിന് ശുപാര്‍ശ നല്‍കുമെന്നും പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മുഹമ്മദ് രാജകുമാരനെതിരേ കഴിഞ്ഞ ആഗസ്തിലാണ് വാഷിങ്ടണിലെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. സൗദിയോട് കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ള ജോ ബൈഡന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് അതായത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്ന ജനുവരി 20ന് മുമ്പായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് സൗദി ആവശ്യം. 2018ല്‍ വിമത സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തിലും സൗദി കിരീടാവകാശിയെ പ്രതിയാക്കി മറ്റൊരു കേസും യുഎസില്‍ നിലനില്‍ക്കുന്നുണ്ട്.

സല്‍മാന്‍ രാജകുമാരന്‍ അയച്ച കൊലയാളി സംഘം കാനഡയില്‍ വെച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സഅദ് അല്‍ ജാബ്രി പരാതി നല്‍കിയത്. ഈ കേസില്‍ യുഎസ് കോടതി നേരത്തേ സല്‍മാന്‍ രാജകുമാരന് സമന്‍സ് അയച്ചിരുന്നു.

പോലിസിന്റെയും സ്വകാര്യ സുരക്ഷാ ജീവനക്കാരുടെയും സംരക്ഷണയില്‍ കാനഡയില്‍ കഴിയുന്ന അല്‍ ജാബ്രിക്കെതിരേ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ വധിച്ച മാതൃകയിലാണ് വധശ്രമമുണ്ടായത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന അല്‍ ജബ്രിക്ക് രാജകുമാരന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആഴത്തിലുള്ള അറിവുള്ളതാണ് വധശ്രമത്തിന് കാരണം.

തന്റെ മക്കളെ തടവിലാക്കാന്‍ രാജകുമാരന്‍ ഉത്തരവിട്ടതായും അല്‍ ജാബ്രിയുടെ പരാതിപ്പെട്ടിരുന്നു. മാര്‍ച്ച് പകുതി മുതല്‍ റിയാദിലെ വീട്ടില്‍ നിന്ന് മക്കളെ കാണാതിയിരുന്നു. ജാബ്രിയുടെ മറ്റ് ബന്ധുക്കളും അറസ്റ്റിലാണ്. ഇവര്‍ തടവില്‍ കൊടിയ പീഡനമാണ് അനുഭവിക്കുന്നത്. തന്നെ സൗദിയിലേക്ക് വരുത്തിച്ച് കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെയെന്ന് പരാതിയില്‍ അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Similar News