ഇസ്രായേലിനെതിരായ യുദ്ധക്കുറ്റ അന്വേഷണം; അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്
അഫ്ഗാനിസ്ഥാനില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ഐസിസി മുന്‍ പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സൂദക്കെതിരെ 2020ല്‍ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
വാഷിങ്ടണ്‍: ഗസവംശഹത്യയില്‍ ഇസ്രായേലിനെതിരെ അന്വേഷണം നടത്തുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധമന്ത്രിയായിരുന്ന യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് ഇറക്കിയതാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഐസിസി രൂപീകരിച്ച 1998ലെ റോം ഉടമ്പടി അംഗീകരിക്കാത്ത രണ്ടുരാജ്യങ്ങളാണ് യുഎസും ഇസ്രായേലും.
''അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യമിട്ട് നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികള്‍ ഐസിസി സ്വീകരിക്കുകയാണ്. ഐസിസിക്ക് അമേരിക്കയുടെയോ ഇസ്രായേലിന്റെയോ മേല്‍ അധികാരപരിധിയില്ല. ഇരു രാജ്യങ്ങള്‍ക്കുമെതിരായ നടപടികളിലൂടെ കോടതി അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്.''-ട്രംപ് ആരോപിച്ചു.
ഐസിസിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഇനി യുഎസിന് കഴിയും. ഐസിസി അംഗങ്ങള്‍ക്ക് യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതു കണ്ടുകെട്ടാം. കൂടാതെ ഐസിസി അംഗങ്ങളും കുടുംബങ്ങളും ബന്ധുക്കളും യുഎസില്‍ പ്രവേശിക്കുന്നത് തടയാം. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നെതന്യാഹുവും ട്രംപും ചര്‍ച്ച നടത്തി. വ്യാഴാഴ്ച നെതന്യാഹു കാപ്പിറ്റോള്‍ ഹില്ലില്‍ യുഎസ് സെനറ്റര്‍മാരെ കണ്ടു.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പ്രയാസമുണ്ടാക്കുന്ന തീരുമാനമാണ് ഭരണകൂടം എടുത്തിരിക്കുന്നതെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ നാഷണല്‍ സെക്യൂരിറ്റി പ്രോജക്റ്റിലെ സ്റ്റാഫ് അറ്റോര്‍ണി ചാര്‍ലി ഹോഗിള്‍ പറഞ്ഞു. വിവിധ ലോകരാജ്യങ്ങളിലെ കുറ്റവാളികളെ കണ്ടെത്തുന്നതില്‍ നിന്നും വിചാരണ ചെയ്യുന്നതില്‍ നിന്നും ഐസിസിയെ തടയുക എന്ന ഉദ്ദേശത്തോടെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ചാര്‍ലി ഹോഗിള്‍ കൂട്ടിചേര്‍ത്തു.
കത്തെ 124 രാജ്യങ്ങള്‍ അംഗീകരിച്ച ഐസിസി വിവിധ രാജ്യങ്ങളിലെ അധിനിവേശങ്ങള്‍ക്ക് ഉത്തരവാദികളായ യുഎസ് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ട് വിചാരണ ചെയ്യുമെന്നാണ് യുഎസിന്റെ സംശയം. യുഎസിന്റെ സഖ്യകക്ഷിയായ ഏതെങ്കിലും രാജ്യത്തെ ഭരണാധികാരികളെയോ ഉദ്യോഗസ്ഥരെയോ ഐസിസി അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മോചിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന നിയമം 2002ല്‍ യുഎസ് പാസാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ഐസിസി മുന്‍ പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സൂദക്കെതിരെ 2020ല്‍ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ബൈഡന്‍ ഭരണകൂടം ഉപരോധം പിന്‍വലിച്ചു. ഇതിന് ശേഷമാണ് 2023ല്‍ യുക്രൈയ്ന്‍ യുദ്ധത്തില്‍ യുദ്ധക്കുറ്റ അന്വേഷണം തുടങ്ങിയത്.
അതേസമയം, ഐസിസിക്കെതിരായ യുഎസ് നീക്കത്തിനെതിരെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത് വന്നുകഴിഞ്ഞു. അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ ഐസിസിയോട് നെതര്‍ലാന്‍ഡ്‌സ് ആവശ്യപ്പെട്ടു.

