സ്വയം യേശുവായി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ട്രംപ്

Update: 2026-04-13 15:29 GMT

വാഷിങ്ടണ്‍: മാര്‍പാപ്പക്ക് എതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെ സ്വയം യേശുവായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രോഗശാന്തി നല്‍കുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്.

അമേരിക്കന്‍ പതാകയുടെ പശ്ചാത്തലമുള്ളതാണ് ചിത്രം. സൈനികര്‍, വിമാനങ്ങള്‍, പരുന്ത്, നഴ്സുമാര്‍, രോഗിയായ ആള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം. കൈയില്‍ പ്രത്യേക വെളിച്ചവും രോഗിയുടെ തലയില്‍ കൈവെച്ച് ശാന്തി നല്‍കുന്ന തരത്തില്‍ ട്രംപ് നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനംചെയ്തിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ അന്നേ ദിവസം തന്നെയായിരുന്നു മാര്‍പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്. എന്നാല്‍, ഇതിനെതിരേ ട്രംപ് രംഗത്തെത്തി. മാര്‍പാപ്പ സഭയുടെ കാര്യം നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നും ട്രംപ് വിമര്‍ശിച്ചു. തന്നെ നേരിടാനാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പാപ്പയായി തിരഞ്ഞെടുത്തതെന്നും ട്രംപ് ആരോപിച്ചിരുന്നു.

മാര്‍പാപ്പ വിദേശനയത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം മോശമാണ്. തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മാര്‍പാപ്പ രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നത് അവസാനിപ്പിച്ച് സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമാധാനത്തിനായി ഇനിയും ശബ്ദമുയര്‍ത്തുമെന്ന മറുപടിയുമായി മാര്‍പാപ്പയും രംഗത്തെത്തിയിരുന്നു.

Tags: