വെടിനിര്‍ത്തല്‍ വീണ്ടും നീട്ടി; പാകിസ്താന്റെ അഭ്യര്‍ത്ഥനയിലാണ് തീരുമാനമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിര്‍ദ്ദേശം സമര്‍പ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരും.
പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണം നീട്ടിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ സര്‍ക്കാര്‍ നിലവില്‍ പല തട്ടിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായിരിക്കാനും ട്രംപ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.
അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ യാത്ര റദ്ദാക്കി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇറാന്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അമേരിക്കയുടെ നടപടികള്‍ കടല്‍ക്കൊള്ളയാണെന്നും ഭരണകൂട ഭീകരതയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് എസ്മായില്‍ ബാഘായി ആരോപിച്ചു. ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ കപ്പലുകള്‍ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, മിഡില്‍ ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും മിയാമിയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഇവരെ രണ്ടാമത്തെ റൗണ്ട് ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് കൊണ്ടുപോകേണ്ട വിമാനം വാഷിംഗ്ടണിലേക്ക് തിരിച്ചുവിട്ടതായാണ് ഫ്‌ലൈറ്റ് ഡാറ്റ സൂചിപ്പിക്കുന്നത്. യുഎസ് സംഘത്തെ ജെഡി. വാന്‍സും ഇറാന്‍ സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും നയിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാല്‍ ഇറാന്‍ ഔദ്യോഗികമായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാകിസ്താന്‍ വാര്‍ത്താവിനിമയ മന്ത്രി അതാവുല്ല തരാര്‍ അറിയിച്ചു.
