നിരോധിത മേഖലയിലേക്ക് ട്രക്കിംഗ്; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി
ഇടുക്കി: ഇടുക്കിയില്‍ ട്രക്കിംഗിനെത്തിയ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി. നെടുങ്കണ്ടം നാലുമലയില്‍ അനധികൃതമായി ട്രക്കിംഗ് നടത്തിയ വാഹനങ്ങളാണ് കുടുങ്ങിയത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് 40 പേര്‍ അടങ്ങുന്ന സംഘം 27 ഓളം വാഹനങ്ങളില്‍ ട്രക്കിംഗിനായി എത്തിയത്. പുഷ്പകണ്ടത്തെ നാലുമലയിലേക്ക് ഇവര്‍ വാഹനങ്ങളുമായി കയറിപ്പോവുകയായിരുന്നു. ട്രക്കിംഗ് നിരോധിച്ച മേഖലയാണിവിടം. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതോടെ വാഹനങ്ങള്‍ തിരികെ ഇറക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തി. ഇരുവശങ്ങളും ചെങ്കുത്തായ മലമുകളിലൂടെ അപകടകരമായ രീതിയിലാണ് വാഹനങ്ങള്‍ മുകളിലേക്ക് എത്തിച്ചത്.
കുടുങ്ങിയ വാഹനങ്ങള്‍ പലതും താഴേക്ക് പോകാതെ കയര്‍ കെട്ടി നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് വാഹനത്തിലെത്തിയ സഞ്ചാരികള്‍ കാല്‍നടയായി താഴെ എത്തി നാട്ടുകാരുടെ സഹായം തേടി. സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കല്‍മേട്ടിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
ട്രക്കിംഗ് നിരോധിത മേഖലയിലേക്കാണ് അനധികൃതമായി ഇവര്‍ വാഹനവുമായി പോയത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഓടിച്ചവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എസ്പി വിഷ്ണു പ്രദീപും വ്യക്തമാക്കി.
