മുംബൈ: ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് കൃത്രിമ കേസുമായി ബന്ധപ്പെട്ട് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റോമില്‍ റാംഗരിയയെ പോലിസ് അറസ്റ്റ് ചെയ്തു. . ഈ കേസില്‍ ബാര്‍ക്കുമായി ബന്ധമുള്ള ആദ്യത്തെ വ്യക്തിയാണ് റോമില്‍ റാംഗരിയ. ചാനല്‍ മികച്ചതാണെന്ന് കാണിക്കാന്‍ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചു എന്നാണ് കേസ്
''അന്വേഷണത്തിനിടെ, കേസില്‍ രാംഘരിയയുടെ പങ്കാളിത്തം പുറത്തുവന്നിരുന്നു, തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്ന് അറസ്റ്റുചെയ്ത്,'' ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ റിമാന്‍ഡിനായി മുംബൈയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് 14ാമത്തെ അറസ്റ്റാണ് നിലവില്‍ നടക്കുന്നത്.
രണ്ട് ദിവസം മുമ്പ് റിപബ്ലിക്ക് ചാനലിന്റെ സിഇഒ വികാസ് കന്‍ഞ്ചന്‍ദാനിയെ ഈ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉന്നതര്‍ തന്നെ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പോലിസ് വാദം.
പോലിസ് നേരത്തെ ഈ കേസില്‍ അന്വേഷണം തുടങ്ങിയത് ബാര്‍ക് തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. ടിആര്‍പി റേറ്റിംഗില്‍ ചില ചാനലുകള്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. വീടുകളിലെ കാഴ്ച്ചക്കാരില്‍ നിന്ന് സാമ്ബിള്‍ ശേഖരിച്ചാണ് ബാര്‍ക് ടിആര്‍പി റേറ്റിംഗ് കണ്ടെത്തുന്നത്. പരസ്യ വരുമാനം ധാരാളം ലഭിക്കണമെങ്കില്‍ ടിആര്‍പി റേറ്റിംഗ് അത്യാവശ്യമാണ്. ബാര്‍ക്, ഹന്‍സ റിസര്‍ച്ച് ഏജന്‍സി വഴിയാണ് ഇത്തരം റേറ്റിംഗുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത്.
ബാര്‍ക് റേറ്റിംഗ് എടുക്കുന്ന വീടുകളില്‍ പണം കൊടുത്ത് റിപബ്ലിക്ക് അടക്കം ചാനലുകള്‍ വെക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിലൂടെ റേറ്റിംഗ് ഇവര്‍ക്ക് അനുകൂലമായി മാറും. ബോക്സ് സിനിമ, ഫക്ത് മറാത്തി, മഹാ മൂവി, റിപബ്ലിക്ക് ടിവി എന്നിവര്‍ പണം നല്‍കിയതായിട്ടാണ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. അതിലൂടെ ടിആര്‍പി പെരുപ്പിച്ച് കാണിച്ചെന്നും പോലീസ് കുറ്റപ്പെടുത്തുന്നു. ഡിസംബര്‍ 9 ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമി അഴിമതി സംബന്ധിച്ച മുംബൈ പോലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

