കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ സര്‍ക്കാര്‍ നടപടി: കൊവിഡ് നോഡല്‍ ഓഫിസര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍മാരുടെ കൂട്ട രാജി

Update: 2020-10-03 08:59 GMT
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കൊവിഡ് നോഡല്‍ ഓഫിസര്‍മാരായ ഡോക്ടര്‍മാരുടെ കൂട്ട രാജി. അധിക ചുമതല ചെയ്യേണ്ടതില്ലെന്നു പൊതു തീരുമാനം എടുത്ത ശേഷമാണ് രാജി. കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതോടെ താളംതെറ്റുന്ന അവസ്ഥയിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളഡ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ സമരം തുടരുകയാണ്. രാവിലെ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച ശേഷം റിലേ സത്യാഗ്രഹം തുടങ്ങി. നടപടി പിന്‍വലിച്ചെങ്കില്‍ ചുമതലകളില്‍ നിന്ന് രാജിവെക്കുമെന്നും കൊവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടര്‍മാര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുമുണ്ട്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്.