മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും എതിരായ യുഎപിഎ കേസുകള്‍ ത്രിപുര പോലിസ് പുനപ്പരിശോധിക്കുന്നു

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിജിപി ക്രൈംബ്രാഞ്ച് എഡിജിപി പുനീത് രസ്‌തോഗിയോട് കേസുകള്‍ പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായി ത്രിപുര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Update: 2021-11-27 19:07 GMT

അഗര്‍ത്തല: ഈ വര്‍ഷം ഒക്ടോബറില്‍ സംസ്ഥാനത്ത് ചില വര്‍ഗീയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും എതിരേ രജിസ്റ്റര്‍ ചെയ്ത യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) കേസുകള്‍ പുനപ്പരിശോധിക്കാന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ശനിയാഴ്ച സംസ്ഥാന ഡിജിപി വി എസ് യാദവിന് നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിജിപി ക്രൈംബ്രാഞ്ച് എഡിജിപി പുനീത് രസ്‌തോഗിയോട് കേസുകള്‍ പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായി ത്രിപുര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ത്രിപുരയില്‍ മുസ്ലീം പള്ളികള്‍ കത്തിക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അഭിഭാഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരേ യുഎപിഎ പ്രകാരം കേസെടുത്തത്.

'ഇത് നിയന്ത്രിക്കുന്നതിനും സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിനുമായി ത്രിപുര പോലിസ് 102 പേര്‍ക്കെതിരെ യുഎപിഎയുടെയും ഐപിസിയുടെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഈ വ്യക്തികളില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടുന്നു, കൂടുതലും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണ്'-ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ മറവിലാണ് സംസ്ഥാനത്ത് സംഘ്പരിവാര ശക്തികള്‍ മുസ്‌ലിംകള്‍ക്കെതിരേ അഴിഞ്ഞാടിയത്. നിരവധി മസ്ജിദുകളും മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകളും വീടുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. വര്‍ഗീയ കലാപത്തിന് ശേഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ ഇട്ട നൂറിലധികം അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ത്രിപുര പോലിസ് നേരത്തെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News