പെട്രോളിന് ഇരുനൂറ് രൂപ ആയാൽ ബൈക്കിൽ മൂന്നുപേരെ അനുവദിക്കാം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

പെട്രോൾ വില ഇരുനൂറിൽ എത്തുമ്പോൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ മൂന്ന് പേർക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകും. അതിനായി നിർമാതാക്കൾ മൂന്ന് സീറ്റുള്ള വാഹനം നിർമ്മിക്കണമെന്നും കലിത പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

Update: 2021-10-20 11:38 GMT

​ഗുവാഹത്തി: പെട്രോൾ വില ഇരുനൂറിൽ എത്തുമ്പോൾ ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേരെ അനുവദിക്കാം. അസാമിലെ ബിജെപി അധ്യക്ഷൻ ബബീഷ് കലിതയുടെ വകയാണ് ഈ സൗജന്യം. തമുൽപുരിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്.

പെട്രോൾ വില ഇരുനൂറിൽ എത്തുമ്പോൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ മൂന്ന് പേർക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകും. അതിനായി നിർമാതാക്കൾ മൂന്ന് സീറ്റുള്ള വാഹനം നിർമ്മിക്കണമെന്നും കലിത പ്രസംഗത്തിൽ ആവശ്യപ്പെട്ടു. കലിതയുടെ വിവാദ പ്രസംഗം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ഇതാണോ മോദിയുടെ അച്ഛാ ദിൻ എന്ന് ചോദിച്ച കോൺഗ്രസ് ഇന്ധന വിലക്കയറ്റം പിടിച്ചുനിറുത്താൻ ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപിച്ചു.

അസം മന്ത്രിസഭയിൽ അംഗമായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അധ്യക്ഷനാവുന്നത്. പെട്രോൾ വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ ആഢംബര കാർ ഉപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം പെട്രോൾ, ഡീസൽ വിലകൾ ഇന്ന് വീണ്ടും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. സെപ്തംബർ 24ന് ശേഷം ഡീസലിന് 6 രൂപ 64 പൈസയും,പെട്രോളിന് 5 രൂപയുമാണ് വർധിച്ചത്.