മുത്തലാഖ് കേസ്: നഷ്ടപരിഹാരം നല്‍കാമെന്ന് ഭര്‍തൃവീട്ടുകാര്‍; യുവതി സമരത്തില്‍നിന്നു പിന്‍മാറി

24കാരിയായ ജുവൈരിയയുടെയും ഭര്‍ത്താവ് സമീറിന്റെയും മഹല്ലുകള്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍ക്കുകയായിരുന്നു.

Update: 2019-10-22 01:26 GMT

കോഴിക്കോട്: നാദാപുരത്തിനടുത്ത് വാണിമേലില്‍ മുത്തലാഖ് ചൊല്ലിയെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ വീടിനുമുന്നില്‍ നടത്തിയ സമരം യുവതി അവസാനിപ്പിച്ചു. നഷ്ടപരിഹാരം നല്‍കാമെന്ന് ഭര്‍തൃവീട്ടുകാര്‍ ഉറപ്പുനല്‍കിയതോടെയാണ് യുവതി സമരത്തില്‍ നിന്ന് പിന്‍മാറിയത്. ഇതോടെ രണ്ടുകുട്ടികളുമായി ഒമ്പത് ദിവസമായി നടത്തിയ സമരം യുവതി അവസാനിപ്പിച്ചു. 24കാരിയായ ജുവൈരിയയുടെയും ഭര്‍ത്താവ് സമീറിന്റെയും മഹല്ലുകള്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍ക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാമെന്നും കുട്ടികളുടെ വിവാഹം, പഠനം, ചികില്‍സ തുടങ്ങിയ ചെലവ് വഹിക്കാമെന്നും സമീര്‍ ഉറപ്പുനല്‍കിയതായാണു വിവരം.

    ഇരു മഹല്ലുകളുടെയും സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് കരാറുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, മുത്തലാഖ് നിരോധന നിയമ പ്രകാരം സമീറിനെതിരേ പോലിസ് ചുമത്തിയ കേസ് തുടരും. മുത്തലാഖ് ചൊല്ലി സമീര്‍ മറ്റൊരു വിവാഹം കഴിക്കുകയും ജുവൈരിയയെയും കുട്ടികളെയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതെന്ന് ആരോപിച്ചാണ് യുവതി മക്കളെയും കൂട്ടി സമീറിന്റെ വാണിമേലിലെ വീടിന് മുന്നില്‍ സമരം നടത്തിയത്. വളയം പോലിസ് സമീറിനെതിരെ 2019ലെ മുത്തലാഖ് നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്. മാത്രമല്ല, സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഒരുവര്‍ഷം മുമ്പ് കോടതി മുഖേന നടത്തിയ വിവാഹമോചനത്തിന്റെ പേരില്‍ അതിനുശേഷം പ്രാബല്യത്തില്‍വന്ന മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തതിനെ സമീറിന്റെ അഭിഭാഷകന്‍ ചോദ്യംചെയ്തിരുന്നു.




Tags:    

Similar News