രാഷ്ട്രപതി ഒപ്പുവച്ചു; മുത്തലാഖ് ബില്ല് നിയമമായി, ഒരു വര്‍ഷം മുമ്പുള്ള കേസുകളും പരിധിയില്‍

മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കുന്നതാണ് മുസ്‌ലിം വുമണ്‍ (വിവാഹ സംരക്ഷണ നിയമം) ബില്ല് -2019 എന്ന പുതിയ നിയമം. 2018 സപ്തംബര്‍ 19 മുതലുള്ള കേസുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും.

Update: 2019-08-01 17:11 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ല് നിയമമായി. മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കുന്നതാണ് മുസ്‌ലിം വുമണ്‍ (വിവാഹ സംരക്ഷണ നിയമം) ബില്ല് -2019 എന്ന പുതിയ നിയമം. 2018 സപ്തംബര്‍ 19 മുതലുള്ള കേസുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും.

എന്‍ഡിഎ സഖ്യകക്ഷിയല്ലാത്ത ബിജെഡി പിന്തുണച്ചതോടെയാണ് ബില്ല് രാജ്യസഭ കടന്നത്. 99 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്‍ഡിഎ സഖ്യകളായ ജെഡിയു, എഐഎഡിഎംകെ എന്നിവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതും രാജ്യസഭയെന്ന കടമ്പ കടക്കാന്‍ സര്‍ക്കാരിനെ സഹായിച്ചു. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് പാസാകുമോ എന്ന സന്ദേഹമുയര്‍ത്തിയെങ്കിലും അവസാന നിമിഷത്തെ അടിവലികള്‍ സര്‍ക്കാരിനെ സഹായിച്ചു. കോണ്‍ഗ്രസിന്റെയും എസ്പിയുടെയും ബിഎസ്പിയുടെയും ചില എംപിമാര്‍ സഭയില്‍ എത്താതിരുന്നതും മോദി സര്‍ക്കാരിന് അനുഗ്രമായി.

കൂടാതെ, ടിആര്‍എസിന്റെ ആറ് അംഗങ്ങളും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും സഭയില്‍ എത്തിയില്ല. വിഷയം സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. രാജ്യസഭയില്‍ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ മുസ്ലിം ലീഗ് അംഗം അബ്ദുല്‍ വഹാബ് പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. വൈകിയെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.

അതേസമയം, മുത്തലാഖ് നിരോധിച്ചുള്ള നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനിതാ ലീഗ് അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കാവുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.

Tags:    

Similar News