മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

ബില്ലിന് അവതരണാനുമതി തേടിയ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ ഭരണഘടനാപരവും സഭാനടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 74 നെതിരേ 186 അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു.

Update: 2019-06-21 10:13 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ മുത്തലാഖ് നിരോധന ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി തേടിയ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ ഭരണഘടനാപരവും സഭാനടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തെങ്കിലും സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 74 നെതിരേ 186 അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടതിനുശേഷം ഓര്‍ഡിനന്‍സ് ഇറക്കിയാണ് സര്‍ക്കാര്‍ ബില്ലിന്റെ കാലാവധി നീട്ടിയെടുത്തത്. പുതുതായി അധികാരമേറ്റശേഷം ആദ്യമായി സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവന്നത് മുത്തലാഖ് ബില്ലാണ്.

അതേസമയം, സര്‍ക്കാരിന്റെ നീക്കത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നതായും മുസ്‌ലിം സ്ത്രീകള്‍ക്ക് ഉന്നമനമുണ്ടാക്കുന്നതല്ല ബില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. മുസ്‌ലിം സമൂഹത്തെ മാത്രമായി ഉന്നംവച്ച് പാര്‍ലമെന്റിന് ഇത്തരമൊരു നിയമം നിര്‍മിക്കാനുള്ള അധികാരമില്ലെന്നും വിവാഹശേഷം സ്ത്രീകളെ വഴിയാധാരമാക്കുന്ന എല്ലാ സമൂഹങ്ങള്‍ക്കും ബാധകമായ രീതിയില്‍ വിശാലമായ നിയമം നിര്‍മിക്കണമെന്നും കോണ്‍ഗ്രസിനുവേണ്ടി ബില്‍ അവതരണത്തെ എതിര്‍ത്ത ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ സിവില്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമായി കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍വല്‍ക്കരിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങളിലുള്ള കൈയേറ്റമാണിതെന്നും മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ കാണിക്കുന്ന അമിതാവേശം എന്തുകൊണ്ട് ശബരിമലയില്‍ ഹിന്ദുസ്ത്രീകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും ഹൈദരാബാദില്‍നിന്നുള്ള എം പി അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഇത് മതപരമായ നിയമനിര്‍മാണമല്ല, മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കാനും അവര്‍ക്ക് നീതി ഉറപ്പുവരുത്താനുമുള്ള നീക്കം മാത്രമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി. 

Tags:    

Similar News