ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

Update: 2024-07-08 17:04 GMT

തൃശൂര്‍: ഭര്‍ത്താവിനോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരണപ്പെട്ടു. മുക്കമ്പുഴ ആദിവാസി പ്രകൃതിയിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് ഇന്ന് രാവിലെ 9.30ഓടെ വാഴച്ചാല്‍ റേഞ്ചിലെ വനത്തില്‍വച്ച് പ്രസവിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ യുവതി രണ്ടു ദിവസം മുമ്പാണ് ഉള്‍ക്കാട്ടിലേക്ക് പോയത്. ഇതിനിടെ പ്രസവവേദന അനുഭവപ്പെട്ട മിനിക്കുട്ടി കാട്ടിനുള്ളില്‍ പ്രസവിച്ചു. കുഞ്ഞ് മരണപ്പെട്ടതോടെ ഭര്‍ത്താവ് ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടി. വനംവകുപ്പും ആരോഗ്യപ്രവര്‍ത്തകരും മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് ദമ്പതികളെ കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ റിസര്‍വോയറിലൂടെ ബോട്ടിലാണ് പുറത്തെത്തിച്ചത്. കനത്ത മഴയും കാറ്റുമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു. മുക്കമ്പുഴയിലെത്തിച്ച യുവതിയെ ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: