ആദിവാസിബാലനെ മർദ്ദിച്ച സംഭവം: പ്രീ മെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റിയെ സസ്പെൻഡ് ചെയ്തു
സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപോർട്ട് തേടി.
തൃശൂർ: ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ സർക്കാർ പ്രീ മെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് സസ്പെൻഷൻ. അടിച്ചിൽതൊട്ടി ആദിവാസി ഊര് നിവാസിയും പത്താം ക്ലാസ്സ് വിദ്യാർഥിയുമായ വിനോദിനെ മർദ്ദിച്ച സുരക്ഷാ ജീവനക്കാരൻ മധുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപോർട്ട് തേടി.
പഠിക്കാനിരിക്കുന്നതിനിടയിൽ ബെഞ്ചിൽ തട്ടി ശബ്ദമുണ്ടാക്കിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇതിനു മുമ്പും തന്നെയും സുഹൃത്തുക്കളെയും പല തവണ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദിച്ചിട്ടുള്ളതായി കുട്ടി വെളിപ്പെടുത്തി.
സംഭവത്തിന് ശേഷം സ്‌കൂളിലെത്തിയ വിനോദ് അധ്യാപികയെ വിവരമറിച്ചു. ഹോസ്റ്റൽ വാർഡൻ ആണ് കുട്ടിയുടെ അച്ഛനെ വിവരം അറിയിച്ചത്. വിനോദിനെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകുകയും പിന്നീട് പരിശോധനയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതിരപ്പള്ളി പോലിസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ പോലിസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും റിപോർട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.