അട്ടപ്പാടിയില്‍ ആദിവാസി പോലിസുകാരനു സഹപ്രവര്‍ത്തകരുടെ പീഡനം

മാവോവാദി വേട്ടയ്ക്കു ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നേടിയ സിവില്‍ പോലിസ് ഓഫിസറായ ഹരി, സഹപ്രവര്‍ത്തകരായ ആറു പേരാണ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Update: 2019-10-07 13:19 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലിസുകാരന് സഹപ്രവര്‍ത്തകരുടെ മാനസിക പീഡനമെന്നു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗളി പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ഹരി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെ പരാതി നല്‍കി. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവും ഭീഷണിയും കാരണം ജോലിക്കു പോവാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നു ഹരിയുടെ ഭാര്യ ദേവി വ്യക്തമാക്കി. ആദിവാസി വിഭാഗത്തില്‍പ്പെട്ട എആര്‍ ക്യാംപിലെ പോലിസുകാരനായ കുമാര്‍ സഹപ്രവര്‍ത്തകരുടെ പീഡനം കാരണം ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് വീണ്ടും ആരോപണം.

    മാവോവാദി വേട്ടയ്ക്കു ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി നേടിയ സിവില്‍ പോലിസ് ഓഫിസറായ ഹരി, സഹപ്രവര്‍ത്തകരായ ആറു പേരാണ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. തന്നെക്കുറിച്ച് പോലിസുകാര്‍ ഊരുകളിലുള്‍പ്പെടെ വ്യാജപ്രചരണം നടത്തുകയാണ്. ഇത്കാരണം ഊരുമൂപ്പന്‍ കൂടിയായ തനിക്ക് അവിടെ പോവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഭാര്യയെ ഫോണിലൂടെ ചില പോലിസുകാര്‍ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറിയെന്നും പരാതില്‍ പറയുന്നുണ്ട്. എന്നാല്‍ ഹരിയുടെ പരാതിയില്‍ കഴമ്പില്ലെന്നാണു അഗളി എഎസ്പിയുടെ വാദം. പരാതി ലഭിച്ചതിനാല്‍ വിശദമായ അന്വേഷണം നടത്തുനെന്നും അഗളി എഎസ്പി അറിയിച്ചു.

    2019 ജൂലൈ 25ന് രാത്രിയാണ് പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ പോലിസുകാരനായ കുമാറിനെ ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാതിവിവേചനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും ക്യാംപിലെ ഉന്നത ഉദ്യോഗസ്ഥനും മറ്റൊരു മേലുദ്യോഗസ്ഥനും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്.



Tags: