വിചാരണക്കോടതി തുല്യവും യുക്തിസഹവുമായ ഉത്തരവ് പുറപ്പെടുവിച്ചു; ഹൈക്കോടതി വിധിക്കെതിരേ താഹയുടെ ഹരജിയിൽ സുപ്രിംകോടതി
വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് യുക്തിസഹമെന്ന് ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലെന്നും ബെഞ്ച് വിലയിരുത്തി.
ന്യൂഡൽഹി: വിചാരണക്കോടതി തനിക്ക് നൽകിയ ജാമ്യം മാറ്റിവച്ച കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് മാവോവാദി ബന്ധമാരോപിച്ച് യുഎപിഎയ്ക്ക് കീഴിൽ കേസെടുത്ത താഹാ ഫസൽ സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി നോട്ടിസ്. ദേശീയ അന്വേഷണ ഏജൻസിക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ നവീൻ സിൻഹ, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടിയാവശ്യപ്പെട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ഹരജിയിൽ പ്രാഥമിക വാദം കേൾക്കവേ, വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് യുക്തിസഹമെന്ന് ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലെന്നും ബെഞ്ച് വിലയിരുത്തി. നോട്ടിസ് നൽകാൻ പ്രഥമദൃഷ്ട്യാ തങ്ങളെ പ്രേരിപ്പിച്ചത്, വിചാരണ കോടതി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതി ഒന്നാം പ്രതിയുടെ ജാമ്യം മാത്രം നിലനിർത്തിയതിനാലാണെന്ന് ജസ്റ്റിസ് നവീൻ സിൻഹ വാക്കാൽ പറഞ്ഞു. അതിനാൽ ഇക്കാര്യം വിശദമായി കേൾക്കേണ്ടതുണ്ടെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
2019 നവംബർ 1 മുതൽ കസ്റ്റഡിയിൽ കഴിയുന്ന ജേണലിസം വിദ്യാർഥിയാണെന്നും കഴിഞ്ഞ വർഷം സെപ്തംബറിൽ പ്രത്യേക എൻഐഎ കോടതി ജാമ്യം ലഭിക്കുന്നതുവരെ കസ്റ്റഡിയിലായിരുന്നുവെന്നും മുതിർന്ന അഭിഭാഷകൻ ഗിരി ബെഞ്ചിന് മുൻപാകെ അറിയിച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് ജനവരിയിൽ ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്തതിന് പിന്നാലെ താഹ കീഴടങ്ങിയതായും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
കേസിലെ ആദ്യത്തെ പ്രതിക്ക് ആരോഗ്യ കാരണങ്ങളാൽ മാത്രമാണ് ജാമ്യം അനുവദിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ പറഞ്ഞു. ഒന്നാം പ്രതിക്ക് ജാമ്യം റദ്ദ് ചെയ്യുന്നതിൽ ഇളവ് നൽകിയ ഹൈക്കോടതി വിധി തെറ്റാണെന്നും വിധിയെ ചോദ്യംചെയ്യണമെന്നും എൻഐഎക്ക് നിയമോപദേശം നൽകിയിട്ടുണ്ടെന്നും എഎസ്ജി കോടതിയിൽ പറഞ്ഞു.
