ടി പി ചന്ദ്രശേഖരന്‍ വധക്കേസ്; ആറ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തി

Update: 2024-02-27 12:16 GMT

കൊച്ചി: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തി. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തമാണ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. മാത്രമല്ല, ഇവര്‍ക്ക് 20 വര്‍ഷത്തേയ്ക്ക് ശിക്ഷാ ഇളവോ പരോളോ നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, ഹൈക്കോടതി പുതുതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി വിധി പ്രകാരം 2044 വരെ ഇവര്‍ക്ക് ജയിലിന് പുറത്തിങ്ങാന്‍ കഴിയില്ല.

    കേസിലെ ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിര്‍മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം നല്‍കിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയവരാണിവര്‍. ആറാം പ്രതി അണ്ണന്‍ സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പത്താം പ്രതി കെ കെ കൃഷ്ണന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ്, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖന്റെ ഭാര്യ കെ കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകന്‍ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികള്‍ പിഴയായി നല്‍കണം. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11 ാം പ്രതിയുടെയും ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതുസംബന്ധിച്ച് ഇന്നലെയും ഇന്നും ഹൈക്കോടതിയില്‍ വാദം കേട്ടിരുന്നു.

Tags: