കശ്മീരില്‍ വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്കു പ്രവേശനാനുമതി

കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഉപാധികളില്ലാതെ പിന്‍വലിക്കണമെന്ന് ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടതായി പ്രതിനിധി സംഘം പറഞ്ഞു

Update: 2019-10-07 19:05 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രണ്ടു മാസത്തിലേറെയായി വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ നിര്‍ദേശം. വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നു തിങ്കളാഴ്ച ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്ത് അഞ്ചിനു മൂന്നു ദിവസം മുമ്പ് മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ആക്രമണ ഭീഷണിയുണ്ടെന്നു പറഞ്ഞ് അമര്‍നാഥ് തീര്‍ഥാടകരെ പോലും തടയുകയും മൂന്നു ദിവസത്തിനു ശേഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുകയുമായിരുന്നു. ഇതിനുശേഷം വന്‍ സുരക്ഷാ സൈനികരുടെ നിയന്ത്രത്തില്‍ കഴിയുന്ന കശ്മീരില്‍ ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ പൂര്‍ണമായും വിലക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും അടഞ്ഞുകിടക്കുകയും വിനോദ സഞ്ചാര മേഖല ആളൊഴിഞ്ഞു കിടക്കുകയുമായിരുന്നു. മാത്രമല്ല, ജമ്മു മേഖലയിലെ 10 ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയെങ്കിലും കശ്മീരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ആയിരക്കണക്കിനു കൗമാരക്കാരും ഉള്‍പ്പെടെ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്.

   


 അതിനിടെ, രണ്ടു മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല എന്നിവരെ ജമ്മുവില്‍ നിന്നെത്തിയ 15 അംഗ പാര്‍ട്ടി പ്രതിനിധിസംഘം സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഫാറൂഖ് അബ്ദുല്ല ഗുപ്കര്‍ റോഡിലെ വീട്ടിലും ഉമര്‍ ഹരിനിവാസ് ഗസ്റ്റ് ഹൗസിലുമാണ് തടവില്‍കഴിയുന്നത്. കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് റാണയുടെ ഇളയ സഹോദരന്‍ കൂടിയായ നാഷനല്‍ കോണ്‍ഫറന്‍സ് ജമ്മു മേഖലാ പ്രസിഡന്റ് ദേവേന്ദ്ര റാണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും സന്ദര്‍ശിച്ചത്. അനന്ത്‌നാഗ്, ബാരാമുല്ല ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നു ജയിച്ച ഹസ്‌നയ്ന്‍ മസൂദി, അക്ബര്‍ ലോണ്‍ എന്നിവരാണു കൂടെയുണ്ടായിരുന്നത്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടി ഉപാധികളില്ലാതെ പിന്‍വലിക്കണമെന്ന് ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടതായി പ്രതിനിധി സംഘം പറഞ്ഞു.




Tags: