ടൂറിസവും ടെക്‌നോളജിയും മുന്നില്‍; സൗദി സമ്പദ് വ്യവസ്ഥ മാറ്റത്തിന്റെ പാതയിലേക്ക്

Update: 2025-10-29 07:52 GMT

റിയാദ്: എണ്ണ ഇതര മേഘലയില്‍ വിദേശനിക്ഷേപം വര്‍ധിച്ചെന്ന് സൗദി. രാജ്യത്തെ വിദേശ നിക്ഷേപം നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നും അതില്‍ 90 ശതമാനവും എണ്ണയിതര മേഖലകളിലേക്കാണെന്നും നിക്ഷേപമന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. ഇതോടെ എണ്ണയെ ആശ്രയിച്ചിരുന്ന സൗദി സമ്പദ്വ്യവസ്ഥ മറ്റു മേഘലയിലേക്ക് കൂടി കടന്നു.

റിയാദില്‍ നടക്കുന്ന ഒമ്പതാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് (FII9) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബജറ്റിന്റെയും ചെലവുകളുടെയും 40 ശതമാനം ഇപ്പോള്‍ എണ്ണ ഇതര വരുമാനങ്ങളില്‍ നിന്നാണ് ലഭിക്കുന്നതെന്നും അല്‍ ഫാലിഹ് വെളിപ്പെടുത്തി. ''ഇനി സൗദിയുടെ സമ്പദ്വ്യവസ്ഥ എണ്ണയെ ആശ്രയിച്ചിട്ടില്ല,'' അല്‍ ഫാലിഹ് വ്യക്തമാക്കി. ഉല്‍പ്പാദനം, സാങ്കേതികവിദ്യ, ടൂറിസം, സംരംഭകത്വം, ഡീപ് ടെക്, വെഞ്ച്വര്‍ ക്യാപിറ്റല്‍ മേഖലകളിലെ വേഗത്തിലുള്ള പുരോഗതിയാണ് ഇതിന് പിന്നിലെ പ്രധാന ശക്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍സ്വകാര്യ മേഖലകളുടെ കൂട്ടായ പ്രവര്‍ത്തനത്തിനും വന്‍ പ്രാധാന്യം നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ആഭ്യന്തര നിക്ഷേപങ്ങളുടെ അനുപാതം രാജ്യത്തിന്റെ ജിഡിപിയുടെ 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് പകുതിയായി കുറച്ചതും തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വന്‍ തോതില്‍ വര്‍ധിച്ചതുമാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രധാന നേട്ടങ്ങള്‍. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് അഞ്ചിരട്ടിയായി ഉയര്‍ന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

എക്‌സ്‌പോ 2030ഉം ഫിഫ ലോകകപ്പ് 2034ഉം ആതിഥേയത്വം വഹിക്കാന്‍ നടക്കുന്ന വന്‍തോതിലുള്ള തയ്യാറെടുപ്പുകളും പുതിയ നിക്ഷേപ വളര്‍ച്ചയ്ക്ക് വഴിതെളിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Tags: