ടാറ്റൂ ആർട്ടിസ്റ്റിനെതിരേ പീഡന ആരോപണം സാമൂഹിക മാധ്യമത്തിൽ മാത്രം; യുവതികൾ പരാതി നൽകുന്നില്ലെന്ന് പോലിസ്
സിറ്റി പോലിസ് കമ്മീഷണർ അന്വേഷണത്തിനായി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലെ ടാറ്റൂ സെന്ററുകളിൽ പോലിസ് വ്യാപക പരിശോധന നടത്തുകയാണ്
കൊച്ചി: കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ യുവതി പരാതി നൽകാൻ തയ്യാറാകുന്നില്ലെന്ന് സിറ്റി പോലിസ് കമ്മീഷണർ സി എച്ച് നാഗരാജു. പരാതിയുണ്ടെങ്കിൽ യുവതികൾ ഭയന്ന് നിൽക്കാതെ മുന്നോട്ട് വരണം. പരാതി നൽകുന്നവരുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. യുവതികൾക്ക് പോലിസ് സംരക്ഷണം നൽകുമെന്നും കമ്മീഷണർ പറഞ്ഞു.
സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ കൊച്ചി സിറ്റി പോലിസ് കമ്മീഷണർ ഉത്തരവിറക്കി. കൊച്ചി സെൻട്രൽ എസിപിയുടെ മേൽ നോട്ടത്തിൽ ചേരാനല്ലൂർ എസ്എച്ച്ഒ ആണ് അന്വേഷണം നടത്തുന്നത്.
സംഭവത്തിന് പിന്നാലെ ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് പി എസ് കട പൂട്ടി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
അതേസമയം സിറ്റി പോലിസ് കമ്മീഷണർ അന്വേഷണത്തിനായി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലെ ടാറ്റൂ സെന്ററുകളിൽ പോലിസ് വ്യാപക പരിശോധന നടത്തുകയാണ്. ലഹരിമരുന്ന് ഉപയോഗമുണ്ടോ എന്നടക്കം പരിശോധിക്കുന്നുണ്ട്. ലൈസൻസും രജിസ്റ്ററുകളും പരിശോധന വിധേയമാക്കുന്നുണ്ട്.
രണ്ട് ദിവസം മുമ്പാണ് യുവതി സുജീഷിനെതിരേ ലൈംഗിക പീഡന ആരോപണവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്. യുവതി പോലിസ് സ്റ്റേഷനിൽ വന്ന് നടന്ന അതിക്രമത്തെ കുറിച്ച് വിശദീകരിച്ചെങ്കിലും, രേഖാമൂലമുള്ള പരാതി നൽകിയിരുന്നില്ല. ഇതോടെയാണ് സ്വമേധയ കേസെടുക്കാൻ പോലിസ് തീരുമാനിച്ചത്. ചേരാനെല്ലൂർ പോലിസിനാണ് കേസന്വേഷണ ചുമതല.
