സിഎഎ സമരക്കാരെ മോചിപ്പിക്കണം, എന്‍ജിഒകളുടെ അവകാശം സംരക്ഷിക്കണം: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ തുറന്നടിച്ച് യുഎന്‍

വ്യക്തതയില്ലാത്ത നിയമങ്ങളുടെ സഹായത്താല്‍ ഭരണകൂടം സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും വിദേശ ധനസഹായം തടയുകയും ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Update: 2020-10-20 16:52 GMT

ജനീവ: ഇന്ത്യയിലെ സര്‍ക്കാരിതര മനുഷ്യാവകാശ സംഘടനകളുടെ ഇടം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ്. വ്യക്തതയില്ലാത്ത നിയമങ്ങളുടെ സഹായത്താല്‍ ഭരണകൂടം സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും വിദേശ ധനസഹായം തടയുകയും ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ആക്റ്റീവിസ്റ്റുകളും മനുഷ്യാവകാശ സംരക്ഷകരും രാജ്യത്ത് കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്. പ്രത്യേകിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തുടനീളം നടന്ന ജനകീയ പ്രക്ഷോഭവുമായുള്ള ബന്ധത്തിന്റെ പേരില്‍ വ്യാപക വേട്ടയാണ് ഭരണകൂടം നടത്തുന്നതെന്നും അവര്‍ തുറന്നടിച്ചു.പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,500ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതെന്നാണ് റിപോര്‍ട്ട്. നിരവധി പേര്‍ക്കെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതിന്റെ പേരില്‍ വ്യാപക വിമര്‍ശനം നേരിടുന്ന യുഎപിഎ ചുമത്തിയിരിക്കുകയാണ്.

നിരവധി യുഎന്‍ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ച, വ്യക്തതയില്ലാത്തതും വ്യാപക ലക്ഷ്യങ്ങളുള്ളതുമായ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആര്‍എ) ഉപയോഗം ആശങ്കാകുലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'പൊതുതാല്‍പര്യത്തിന് വിരുദ്ധമായ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക്' വിദേശ ഫണ്ടുകള്‍ ലഭിക്കുന്നത് ഈ നിയമം വിലക്കുന്നു.

എഫ്‌സിആര്‍എ ലംഘനമാരോപിച്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടുത്തിടെ ഇന്ത്യയിലെ ഓഫിസുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്‍ജിഒ ഓഫിസുകളിലെ ഔദ്യോഗിക റെയ്ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍, യുഎന്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കല്‍ അല്ലെങ്കില്‍ റദ്ദാക്കല്‍ തുടങ്ങിയ അതിക്രമിച്ച് കടക്കല്‍ നടപടികളെ ന്യായീകരിക്കുന്നതിനാണ് എഫ്‌സിആര്‍എയെ ഉപയോഗിക്കുന്നതെന്നും ബാച്ചലെറ്റ് ആരോപിച്ചു.

അവ്യക്തമായി നിര്‍വചിക്കപ്പെട്ട 'പൊതുതാല്‍പര്യ'ത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ദുരുപയോഗത്തിന് ഈ നിയമം സഹായിക്കുമെന്ന ആശങ്കയും അവര്‍ പങ്കുവച്ചു.അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശങ്ങള്‍ വിനിയോഗിച്ചതിന് ആരെയും തടങ്കലില്‍ വയ്ക്കരുതെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത ഫാദര്‍ സ്റ്റാനിനെ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്‌സിആര്‍എ പുനരവലോകനം ചെയ്യണമെന്നും യുഎപിഎ പ്രകാരം തുറങ്കിലടച്ചവരെ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News