ഇറാനെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം; യുഎസ് കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ രാജിവെച്ചു
വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് യുഎസ് കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോസഫ് കെന്റ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അയച്ച രാജി കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെന്നും, ഇസ്രായേലിന്റെയും അമേരിക്കയിലെ ചില ലോബികളുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധത്തിലേക്ക് എടുത്തുചാടിയതെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.
തന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2025 ജൂണ്‍ വരെ പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ അമേരിക്കയുടെ സമ്പത്തും സൈനികരുടെ ജീവനും നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് പ്രസിഡന്റ് ട്രംപ് മനസിലാക്കിയിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ യുദ്ധം നടക്കുന്നതെന്നും ജോസഫ് കെന്റ് ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ വെറ്ററന്‍ സൈനികനാണ് ജോസഫ് കെന്റ്. സിറിയയില്‍ വെച്ച് ഐസിസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ തന്റെ ഭാര്യ ഷാനന്‍ കെന്റിനെ നഷ്ടപ്പെട്ട കാര്യം അദ്ദേഹം കത്തില്‍ വൈകാരികമായി സൂചിപ്പിച്ചു. ഇസ്രായേല്‍ നിര്‍മിതമായ ഇത്തരം യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ നടക്കുന്ന സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ് പുനര്‍ചിന്ത നടത്തണമെന്നും നാശത്തിലേക്ക് രാജ്യം കൂപ്പുകുത്തുന്നത് ഒഴിവാക്കാന്‍ വേണ്ട തിരുത്തലുകള്‍ വരുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ യുദ്ധത്തിനെതിരെ രംഗത്തുവന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, കെന്റിന്റെ രാജിയെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് പരിഹാസത്തോടെയാണ് മറുപടി നല്‍കിയത്. ഇറാന്‍ ഭീഷണിയല്ലെന്ന് പറയുന്ന കെന്റ് രാജി വയ്ക്കുന്നതാണ് നല്ലതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
