സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്' പ്രോഗ്രാമിനു സുപ്രിംകോടതി വിലക്ക്
ന്യൂഡല്‍ഹി: യുപിഎസ് സിയിലേക്ക് നുഴഞ്ഞുകയറുകയാണെന്ന് ആരോപിച്ച് മുസ് ലികള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്ന വിധത്തില്‍ സംഘപരിവാര നിയന്ത്രണത്തിലുള്ള സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യാനിരുന്ന പ്രോഗ്രാമിനു സുപ്രിം കോടതി വിലക്കേര്‍പ്പെടുത്തി. 'യുപിഎസ് സി ജിഹാദ്' എന്ന പേരില്‍ കടുത്ത മുസ് ലിം വിരുദ്ധതയുളവാക്കുന്ന പ്രയോഗങ്ങളും കെട്ടുകഥകളും നിരത്തിയാണ് ബിന്ദാസ് ബോല്‍ എന്ന പരിപാടി പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പരിപാടി മുസ് ലിം വിദ്വേഷം പരത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത് നേരത്തേ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
മുസ് ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്നു നിരീക്ഷിച്ച കോടതി വാര്‍ത്താധിഷ്ഠിത പരിപാടിയുടെ ഉള്ളടക്കത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയും സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുന്നവരെന്ന് മുദ്രകുത്തുകയും ചെയ്യുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അതിന് അനുവദിക്കാനാവില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം. ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ വാദങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത് ആശങ്കയുയര്‍ത്തുന്നതാണ്. എത്ര ക്രൂരമാണിത്. ഒരു സമുദായം സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനെ ഇത്തരത്തിലാണോ ചിത്രീകരിക്കേണ്ടതെന്ന് ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
മുസ് ലിം വിഭാഗക്കാര്‍ സിവില്‍ സര്‍വീസിലെത്തുന്നത് ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് പരിപാടിയില്‍ പറയുന്നത്. വസ്തുതപരമായി തെളിയിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന യുപിഎസ് സിയുടെ വിശ്വാസ്യതയെ കൂടിയാണ് ചോദ്യം ചെയ്യുന്നതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് ഈയിടെയായി മുസ് ലിം ഓഫിസര്‍മാരുടെ എണ്ണം കൂടുന്നതിനു കാരണം 'യുപിഎസ്‌സി ജിഹാദാ'ണെന്നാണ് സുദര്‍ശനം ടിവിയുടെ ആരോപണം.
Top Court Pauses Channel's "UPSC Jihad" Show: "Tries To Vilify Muslims"

