'ഒരു ഭീകരവാദി' എങ്ങനെ ഒന്നാം സ്ഥാനം നേടി?; ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇറാനിയന്‍ താരത്തിനെതിരേ അധിക്ഷേപം
ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2019 ല്‍ ഒരു ഭീകര സംഘടന എന്ന് മുദ്രകുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
തെഹ്റാൻ: ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇറാനിയന്‍ താരത്തിനെതിരേ അധിക്ഷേപം. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ അംഗമായ ജവാദ് ഫറൂഖി 10 മീറ്റർ എയർ പിസ്റ്റൾ മൽസരത്തിൽ മൽസരിച്ച് സ്വർണ മെഡൽ നേടിയതിന് പിന്നാലെയാണ് അധിക്ഷേപവുമായി ആറുതവണ സ്വർണം നേടിയ കൊറിയൻ താരം ജിൻ ജോങ് ഒ രംഗത്തെത്തിയത്.
കരഞ്ഞുകൊണ്ടാണ് ജിൻ ജോങ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്ന് കൊറിയ ടൈെസ് റിപോർട്ട് ചെയ്തു. "ഒരു ഭീകരവാദിക്ക് എങ്ങനെ ഒന്നാം സ്ഥാനം നേടാനാകും? അതാണ് ഏറ്റവും അസംബന്ധവും പരിഹാസ്യവുമായ കാര്യം. ജവാദ് ഫറൂഖിയെ ടോക്കിയോ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിച്ചത് "ശുദ്ധ വിഡ്ഢിത്തം" ആണെന്ന് ജിൻ ജോങ് പറഞ്ഞു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2019 ല്‍ ഒരു ഭീകര സംഘടന എന്ന് മുദ്രകുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജവാദിന്റേത് ഒരു കൗതുകകരമായ കഥയാണ്. ഇറാനിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടയിൽ, ഒരു ഗാർഡ് അദ്ദേഹത്തിന് ഒരു പിസ്റ്റൾ നൽകി, അത് എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. ആശുപത്രിയുടെ ബേസ്മെന്റിലെ ഒരു ഹാളിലാണ് ജവാദ് പരിശീലനം നടത്തിയത്.
ഒളിമ്പിക്സ് ഗെയ്മിന് മുമ്പുള്ള ഒരു അഭിമുഖത്തിൽ, താൻ ഒരു നഴ്‌സായി ജോലി ചെയ്യുന്ന ആശുപത്രിയുടെ കെട്ടിടത്തിന് കീഴിലുള്ള ഒരു ഹാളിലാണ് ആദ്യമായി പിസ്റ്റൾ ഷൂട്ടിങ് പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ ഇതുവരെ ഒരു പിസ്റ്റൾ കണ്ടിട്ടില്ല, പക്ഷേ, അത് എങ്ങനെ ഉപയോഗിക്കണമെന്ന് ഗാർഡ് നിർദേശിച്ച ശേഷം, 10 ഷോട്ടുകളിൽ നിന്ന് ഏകദേശം 85 പോയിന്റുകൾ നേടാൻ അന്ന് കഴിഞ്ഞെന്നും ജവാദ് കൂട്ടിച്ചേർത്തു.
41 കാരനായ ഫറൂഖി സ്വർണ മെഡലിലേക്കുള്ള വഴിയിൽ 244.8 പോയിന്റുകളോടെ ഒളിമ്പിക് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. പിസ്റ്റളിലും റൈഫിളിലും ആദ്യ ഇറാനിയൻ ചാമ്പ്യൻ ആയതിനാൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഇറാൻ ഒരു വെങ്കല മെഡൽ പോലും ഇതുവരെ നേടിയിട്ടില്ലെന്ന് ഫറൂഖി പറഞ്ഞു.
