വന്യമൃഗ ആക്രമണത്തില്‍ ഇന്ന് മാത്രം പൊലിഞ്ഞത് രണ്ട് ജീവനുകള്‍

Update: 2024-03-05 14:37 GMT

കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇന്നുമാത്രം മരണപ്പെട്ടത് രണ്ടുപേര്‍. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ട് അബ്രഹാ(അവറാച്ചന്‍-70)മും തൃശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വാച്ച്മരത്തെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യുമാണ് മരണപ്പെട്ടത്. കൃഷിയിടത്തില്‍വച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. കക്കയം ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കക്കയം ഡാം സൈറ്റ് റോഡില്‍ കൃഷിയിടത്തില്‍ലായിരുന്നു സംഭവം. കക്ഷത്തില്‍ ആഴത്തില്‍ കൊമ്പ് ഇറങ്ങിയാണ് അബ്രഹാമിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഇന്നു വൈകീട്ട് മൂന്നോടെയാണ് സംഭവം. രണ്ട് മാസം മുമ്പ് കക്കയത്ത് മാതാവിനെയും കുഞ്ഞിനേയും കാട്ടുപോത്ത് ആക്രമിച്ചിരുന്നു. ഇതിന് ശേഷവും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

    തൃശൂര്‍ വാഴച്ചാലില്‍ വാച്ച്മരത്ത് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോവുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലായി വനത്തിനുള്ളിലുള്ള പ്രദേശത്താണ് വാച്ചുമരം കോളനി. വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വല്‍സയും കൂടിയാണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വല്‍സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്. മൂപ്പന്‍ അലറി വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞശേഷം ആണ് ആന അവിടെ നിന്നു പോയത്. ഇതിനുശേഷം കോളനിക്ക് സമീപമെത്തി ആളുകളെ കൂട്ടി വല്‍സയ്ക്കടുത്തെത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.

Tags:    

Similar News